നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴകാരണം ജനങ്ങൾ ആശങ്കയിലാണ്. കാറ്റിലും മഴയിലും പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജില്ലയിൽ പല സ്ഥലങ്ങളിലും ഇന്നലെയും ശക്തമായ മഴ അനുഭവപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. താമ്രഭരണി നദി കരകവിഞ്ഞു. കുഴിത്തുറ, വൈകലൂർ, പുത്തേരി, നിദ്രവിള, തിക്കുറിശ്ശി എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരപ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. മയിലാടിയിലും പരിസരത്തുമാണ് കൂടുതൽ മഴപെയ്തത്. മഴ കാരണം ജില്ലയൊട്ടാകെ ഇതുവരെ 252 വീടുകളാണ് ഇടിഞ്ഞ് വീണത്. കഴിഞ്ഞ ദിവസം മാത്രം 110 വീടുകളാണ് ജില്ലയിൽ ഇടിഞ്ഞുവീണു.
കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ, പുത്തേരി, കുഴിത്തുറ എന്നീ സ്ഥലങ്ങളിൽ വ്യാപകമായി കൃഷിനാശവുമുണ്ടായിട്ടുണ്ട്. മഴ കാരണം കുഴിത്തുറ, നിദ്രവിള, കുളച്ചൽ എന്നീ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതിനാൽ അവിടെയുള്ള ജനങ്ങളെ മാറ്റി പാർപ്പിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അരവിന്ദ് അറിയിച്ചു.
252 വീടുകൾ ഇടിഞ്ഞു വീണു
ഡാമുകൾ തുറന്നു
ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് കാരണം ചിറ്റാർ, പെരുഞ്ചാണി, പേച്ചിപ്പറ, മാമ്പലതുറയാർ ഡാമുകളിൻ നിന്ന് വെള്ളം തുറന്നുവിട്ടു
ചിറ്റാർ ഡാം..1578 ഘനയടി
പെരുഞ്ചാണി ഡാം.. 5000 ഘനയടി
പെച്ചിപ്പാറ ഡാം..........6000 ഘനയടി
മാമ്പലതുറയാർ............ 135 ഘനയടി
മന്ത്രി കന്യാകുമാരിയിൽ
റവന്യൂ, ദുരന്തനിവാരണ മന്ത്രി രാമചന്ദ്രൻ ഇന്നലെ കന്യാകുമാരി ജില്ലയിൽ എത്തി. കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങളെ നേരിൽ കണ്ട് വിലയിരുത്തുവാനായിരുന്നു മന്ത്രി എത്തിയത്. ഒപ്പം മന്ത്രി മനോതങ്കരാജും ഉണ്ടായിരുന്നു.