ruby-roman

നല്ല ചുവന്ന നിറത്തിൽ പന്ത് പോലെ ഉരുണ്ടിരിക്കുന്ന ഈ മുന്തിരിക്കുല വാങ്ങണമെങ്കിൽ ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് രൂപ വേണം. ! കേൾക്കുമ്പോൾ ആരായാലും ഞെട്ടും. പക്ഷേ, സംഭവം സത്യമാണ്. മുന്തിരികൾക്കിടെയിലെ റോൾസ് റോയ്സ് എന്നാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മുന്തിരിയായ ഈ വി.ഐ.പി അറിയപ്പെടുന്നത്.

റൂബി റോമൻ ഗ്രേപ്സ് എന്നാണ് അതിവിശിഷ്ടമായ ഈ മുന്തിയുടെ പേര്. 2019ൽ ഈ മുന്തിരി ലേലത്തിൽ പോയത് 11,000 ഡോളറിനാണ് ( ഏകദേശം 8 ലക്ഷം രൂപ ).! 24 മുന്തിരികളായിരുന്നു ലേലത്തിൽ പോയത്. അപ്പോൾ ഒരൊറ്റ മുന്തിരിയ്ക്ക് ഏകദേശം 458 ഡോളർ ( 35,000 രൂപ ) വരുമെന്നർത്ഥം.! അതീവ രുചികരമായ റൂബി റോമൻ മുന്തിരിയിൽ അസിഡിറ്റി അളവ് വളരെ കുറവും പഞ്ചസാരയുടെ അംശം കൂടുതലുമാണ്.

ഒരു ടേബിൾ ടെന്നീസ് ബോളിനോളം വലിപ്പമുണ്ട് ഈ മുന്തിരിയ്ക്ക്. 2008ലാണ് റൂബി റോമൻ ആദ്യമായി വിപണിയിലെത്തിയത്. ജപ്പാനിലെ ഇഷികാവ പ്രവിശ്യയിൽ വികസിപ്പിച്ചെടുക്കുന്ന റൂബി റോമൻ മുന്തിരിയുടെ വില്പന നടത്തുന്നതും അവിടെ തന്നെ. ഇവിടുത്തെ അഗ്രികൾച്ചറൽ റിസേർച്ച് സെന്ററാണ് റൂബി റോമന്റെ പിന്നിൽ. വളരെ കുറച്ച് അളവിലാണ് വില്പന. അതുകൊണ്ട് തന്നെ ഇവയ്ക്ക് വൻ ഡിമാൻഡ് ആണ്. ഓരോ മുന്തിരിയ്ക്കും 20 ഗ്രാം ഭാരമുണ്ട്.

ഇഷികാവയിൽ തന്നെയുള്ള ഹോട്ടൽ വ്യവസായിയാണ് 2019ൽ റൂബി റോമൻ മുന്തിരി ലേലത്തിൽ സ്വന്തമാക്കിയത്. ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ തുകയ്ക്കായിരുന്നു ലേലം. വൻകിട ഹോട്ടലുകളിലും ബേക്കറികളിലുമാണ് റൂബി റോമൻ മുന്തിരി ഉപയോഗിക്കുന്നത്. ആഡംബര വിവാഹങ്ങളിലും റൂബി റോമൻ താരമാണ്. കഴിഞ്ഞ ഡിസംബറിൽ 30 റൂബി റോമൻ മുന്തിരികൾ 5,000 ഡോളറിന് ( ഏകദേശം 4 ലക്ഷം രൂപ) ഒരു കല്യാണ സംഘം സ്വന്തമാക്കിയിരുന്നു.