പൂവാർ: കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി തിരുപുറം ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തതങ്ങൾ ശക്തമാക്കി. തിരുപുറം ഗവ. ആശുപത്രിയുടെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റും, ആർ.ടി.പി.സി.ആർ ടെസ്റ്റും നടക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരുടെയും വാർഡ്തല വോളന്റിയർമാരുടെയും സഹായത്തിൽ വീടുകളിൽ ഭക്ഷണം എത്തിക്കുകയും ടെസ്റ്റുകൾ നടത്തുന്നതിന് ആൾക്കാരെ ആശുപത്രിയിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നുണ്ട്. 24 മണിക്കൂറും സർവീസ് നടത്തുന്നതിന് ആംബുലൻസ് സൗകര്യം പഞ്ചായത്തിൽ ലഭ്യമാണ്. ചികിത്സാർത്ഥം 50 കിടക്കകളുള്ള ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കൂടാതെ ആശ വർക്കർമാർ, സാനിട്ടേഷൻ ക്ലീനിംഗ് പ്രവർത്തകർ, വിവിധ വകുപ്പുകളിൽ നിന്നും സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവർ ജനപ്രതിനിധികൾക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. എല്ലാ വാർഡുകളിലും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വാർഡുതല ജാഗ്രതാ സമിതികൾ കൂടി സ്ഥിതിഗതികൾ വിലയിരുന്നുണ്ട്. പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞതിനാൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഗണ്യമായി കുറഞ്ഞു വരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിനും വൈസ് പ്രസിഡന്റ് തിരുപുറം സുരേഷും പറഞ്ഞു.
ഫോട്ടോ: തിരുപുറത്ത് പ്രവർത്തിക്കുന്ന ജനകീയ കമ്യൂണിറ്റി കിച്ചനിലേക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത നൽകിയ പച്ചക്കറികൾ പ്രസിഡന്റ് ഷീന ആൽബിൻ ഏറ്റു വാങ്ങുന്നു.