തിരുവനന്തപുരം: ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കനത്ത നാശ നഷ്ടം. ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും വീടുകളിലെ വെള്ളക്കെട്ടിന് കുറവുണ്ടായില്ല. ആറു വീടുകൾ പൂർണമായും 113 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതിയെത്തുടർന്ന് 60 കുടുംബങ്ങളിലെ 201 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ഇന്നലെ വരെ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ 12 വീടുകൾക്കു കേടുപാടുണ്ട്. തിരുവനന്തപുരം താലൂക്കിൽ 27 കുടുംബങ്ങളിലെ 71 പേരെ രണ്ടുക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. താലൂക്കിൽ ഒരു വീട് പൂർണമായും 24 വീടുകൾ ഭാഗീകമായും തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 15 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 വീടുകൾ ഭാഗികമായി തകർന്നു.

കാട്ടാക്കട താലൂക്കിൽ രണ്ട് കുടുംബങ്ങളിലെ 13 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെ മൂന്നു വീടുകൾ പൂർണമായും 27 വീടുകൾ ഭാഗികമായും തകർന്നു.

നെടുമങ്ങാട് താലൂക്കിൽ രണ്ടു വീടുകൾ പൂർണമായും 21 വീടുകൾ ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ 11 വീടുകൾക്കു കേടുപാടുണ്ട്. തിരുവനന്തപുരം നഗരപരിധിയിൽ 7 സ്ഥലത്ത് മരം വീണ് വീടുകൾക്ക് ഭാഗികമായി തകർന്നു. 15 വൈദ്യുതി പോസ്റ്റുകളും തകർന്നു.

മത്സ്യത്തൊഴിലാളികൾ

കടലിൽ പോകരുത്

ഇന്ന് മുതൽ 29 വരെ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് ഉയരത്തിലുള്ള തിരമാലയ്ക്കു സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.