വിതുര: കൊവിഡ് ബാധിതയായ ഗർഭിണി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ വഴി മദ്ധ്യേ ആംബുലൻസിൽ പ്രസവിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട് വാർഡിലെ പാട്ടുവിളാകത്ത് സ്വദേശിയായ വീട്ടമ്മയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

വീട്ടമ്മയുടെ കുടുബത്തിൽ ഭർത്താവിനും മൂത്ത മകൾക്കും ഭർത്താവിന്റെ അമ്മയടക്കം മുഴുവൻ അംഗങ്ങൾക്കും മേയ് 24ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. തുടർന്ന് എല്ലാവർക്കും കൊവിഡ് പേസീറ്റീവ് ആണെന്ന് കണ്ടെത്തി.

വീട്ടിൽ കഴിയുകയായിരുന്ന ഗർഭിണിയായ യുവതിക്ക് കഴിഞ്ഞ ദിവസം പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ദിശയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് അവിടെ നിന്ന് എത്തിയ ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചത്. പേരൂർക്കട കഴിഞ്ഞപ്പോൾ വേദന കൂടിയതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവറും നഴ്സും ചേർന്ന് ആംബുലൻസിൽ പ്രസവിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ഇപ്പോൾ എസ്.എ.ടി ആശുപത്രിയിൽ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ കഴിയുകയാണെന്ന് അധിക‌‌ൃതർ അറിയിച്ചു.