തിരുവനന്തപുരം: പേരൂർക്കട ഇ.എസ്.ഐ ഹോസ്‌പിറ്റലിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ സ്റ്റാഫ് നഴ്‍സുമാരുടെ കുറവ് മറ്റു ഇ.എസ്.ഐ ആശുപത്രികളെ വലയ്‌ക്കുന്നു. പേരൂർക്കടയിലെ ഇ.എസ്.ഐ ആശുപത്രിയിൽ ആകെയുള്ള 25 സ്റ്റാഫ് നഴ്സുമാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചു. എന്നാൽ തികയാതെ വന്നതോടെ 10 എൻ.എച്ച്.എം നഴ്‌സുമാരെ ഇവിടേക്ക് ഡി.എം.ഒ നിയോഗിക്കുകയും ചെയ്‌തു.

എന്നാൽ ഇവരിൽ ആറുപേർ ഡ്യൂട്ടിക്ക് ഹാജരാകാതെ വന്നതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്‌പെൻസറികളിലെ ഫാർമസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കമുള്ളവരെ പേരൂർക്കടയിലേക്ക് മാറ്റി. തുടർന്ന് ഇ.എസ്.ഐ ഡിസ്പെൻസറികളിൽ മരുന്നെടുക്കാനും കുത്തിവയ്പ്പെടുക്കാനും ആളില്ലാത്ത അവസ്ഥയാണ്.