വർക്കല: വർക്കല താലൂക്കിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളും വർദ്ധിപ്പിക്കാൻ അഡ്വ. വി. ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും ഡൊമിസിലറികളിലും ആശുപത്രികളിലും രോഗികളുടെ ചികിത്സാർത്ഥം ഓക്സിജൻ ക്രമീകരണങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് ഇതിന് അനുമതി നൽകുന്നതാണ്. കണ്ടെയിൻമെന്റ് സോണുകളിൽ പൊലീസ് പട്രോളിങ്ങും പരിശോധനയും കർശനമാക്കും. വേഗത്തിലുള്ള ആംബുലൻസ് സേവനം ലഭ്യമാക്കും. ശിവഗിരി കൺവെൻഷൻ സെന്ററിൽ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രവും അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ സെക്കൻഡറിതല കേന്ദ്രവും വിവിധ പഞ്ചായത്തുകളിലായി 10 ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സ്വകാര്യാശുപത്രിയും കൊവിഡ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. അതിഥി തൊഴിലാളികൾക്കുള്ള പാൽ, മുട്ട, ഭക്ഷണം തുടർന്നും നൽകും. താലൂക്ക് ഇൻസിഡന്റ് കമാൻഡറും ഡെപ്യൂട്ടി കളക്ടറുമായ അഹമ്മദ് കബീർ, തഹസിൽദാർമാരായ പി.ഷിബു, എസ്.ഷാജി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എൻ.ബാബുക്കുട്ടൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.