dam

തിരുവനന്തപുരം: മഴക്കാലത്തിന് മുമ്പേ നിറയാൻ തുടങ്ങിതോടെ സംസ്ഥാനത്ത് പതിനേഴ് ഡാമുകൾ ഇന്നലെ തുറന്നുവിട്ടു. വൻകിട അണക്കെട്ടുകളിൽ രണ്ടിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരിടത്ത് ഒാറഞ്ചും.

31ന് കാലവർഷം തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകുമോ എന്നാണ് ആശങ്ക. വേനൽമഴ ഇന്നലെയും ശക്തമായിരുന്നു. ഇത്തവണ വേനൽമഴ 131 ശതമാനത്തിലേറെ കൂടി.

ഇടുക്കി കല്ലാർകുട്ടിയിൽ 455.80 അടിയായി ജലനിരപ്പ്. മഴ തുടർന്നതോടെ നീരൊഴുക്കും കൂടി. 456.59 അടിയാണ് പരമാവധി ശേഷി. പത്തനംതിട്ടയിലെ മൂഴിയാറിൽ ജലനിരപ്പ് 191.70അടിയായി. ശേഷി 192.63അടിയാണ്. ഇതോടെയാണ് രണ്ടിടത്തും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് ഉയർത്തിയത്. തീരങ്ങളിലുള്ളവരോട് ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. തൃശൂർ പെരിങ്ങൽകുത്തിൽ ജലനിരപ്പ് 418.65 അടി ആയതോടെ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൊത്തം ശേഷി 423.98 അടിയാണ്. മഴ ഇങ്ങനെ തുടർന്നാൽ ഇവിടെയും റെഡ് അലർട്ട് വരും. ഇൗ മൂന്ന് അണക്കെട്ടുകളുടേയും നിയന്ത്രണം കെ.എസ്.ഇ.ബിക്കാണ്.

ഇറിഗേഷൻ വകുപ്പിന്റെ 20 ഒാളം വൻകിട സംഭരണികളും മഴക്കാലത്തിന് മുമ്പേ നിറഞ്ഞ സ്ഥിതിയിലാണ്. ഇതിൽ 17 അണക്കെട്ടുകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ച് ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുകയാണ്. ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.
അറബിക്കടലിൽ ടൗക്‌ തേ, ബംഗാൾ ഉൾക്കടലിൽ യാസ് എന്നീ ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്ത് കാലവർഷത്തിന് മുമ്പേ ശക്തമായ മഴ പെയ്യിച്ചത്. കാലവർഷത്തിന് മുമ്പ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ കൂടുതൽ ന്യൂനമർദ്ദങ്ങളുണ്ടായാൽ സംസ്ഥാനത്തെ സ്ഥിതി മോശമായേക്കും. പ്രളയസാദ്ധ്യത ഒഴിവാക്കാൻ അതീവ ജാഗ്രതയിലാണ് അധികൃതർ.

തുറന്ന പ്രധാന ഡാമുകൾ

തിരുവനന്തപുരം നെയ്യാർ, ഇടുക്കി മലങ്കര, പാലക്കാട് ശിരുവാണി, കൊല്ലം കല്ലട, തൃശൂർ ചിമ്മിണി, പീച്ചി, പത്തനംതിട്ട മണിയാർ, എറണാകുളം ഭൂതത്താൻകെട്ട്, കണ്ണൂർ പഴശ്ശി

വലിയ ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ പരമാവധി ശേഷി)

ഇടുക്കി -2336.52 (2400.3 അടി)

ഇടമലയാർ - 139.10 (165അടി)

കക്കി - 960 (981 അടി)

ബാണാസുരസാഗർ -756 (775.6അടി)

കുറ്റ്യാടി -749 (758അടി)

പമ്പ -966(986.3 അടി)

ലോവർ പെരിയാർ -250.6(253 അടി)

സംസ്ഥാനത്ത് 81 അണക്കെട്ടുകൾ

കെ.എസ്.ഇ.ബിക്ക് 59, ഇറിഗേഷൻ വകുപ്പിന് 20, വാട്ടർ അതോറിറ്റിക്ക് 2.