ബാലരാമപുരം: മാലിന്യം നിറഞ്ഞ് ബാലരാമപുരം രണ്ടാം വാർഡിലെ തേമ്പാമുട്ടം പുത്രക്കാട്ടെ കാട്ടുകുളം. നീർത്തടങ്ങൾ സംരക്ഷിച്ച് നിലനിറുത്തണമെന്ന സർക്കാരിന്റെ നിർദ്ദേശവും ഇവിടെ കാറ്റിൽപ്പറക്കുകയാണ്. സംസ്ഥാന കയർ ബോർഡുമായി സഹകരിച്ച് കുളത്തിന്റെ വശങ്ങളിൽ കയർവിരിപ്പ് പാകുന്ന പദ്ധതിയും നടന്നിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കാരണം സർക്കാരിന്റെ മിക്ക പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിന്റെ അനാസ്ഥ കാരണം കാട്ടുകുളത്തിന്റെ ശോച്യാവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായി. കാടും വള്ളിപ്പടർപ്പുകളും പടർന്ന് ഈ നീർത്തടമാകെ നശിച്ചിരിക്കുകയാണ്. മാലിന്യ നിക്ഷേപം രൂക്ഷമായതിനാൽ കുളത്തിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. സമയബന്ധിതമായി കുളവും പരിസരവും വൃത്തിയാക്കാത്തതിനാൽ കൊതുകുകളുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ. തൊഴിലുറപ്പ് ജീവനക്കാരെ ഉപയോഗിച്ച് കുളം അടിയന്തരമായി ശുചീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. കൂടാതെ സി.സി ടിവി കാമറകൾ സ്ഥാപിച്ച് മിലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അറവുമാലിന്യവും തള്ളുന്നു
അറവുമാലിന്യവും പച്ചക്കറിയുടെ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. മാലിന്യ നിക്ഷേപം പതിവായതോടെ കുളത്തിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത നിലയിലായി. തേമ്പാമുട്ടം - പുത്രക്കാട് റോഡിനോട് ചേർന്നാണ് കുളം സ്ഥിതി ചെയ്യുന്നത്. നിരവധി യാത്രക്കാരാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ജനസഞ്ചാരം കുറവായതും കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യപ്രദമായിരിക്കുകയാണ്. മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ നാട്ടുകാരും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പകർച്ചവ്യാധിപ്പേടിയിൽ നാട്ടുകാർ
കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് രൂക്ഷമായതോടൊപ്പം ശക്തമായ മഴയും എത്തിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് പരിസരവാസികൾ. ഡെങ്കിപ്പനി പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് സർക്കാർ ശക്തമായ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിലാണ് പുത്രക്കാട്ട് കാട്ടുകുളത്തിൽ മാലിന്യം കുന്നുകൂടി ചീഞ്ഞഴുകുന്നത്. സമയബന്ധിതമായി ശുചീകരണം നടത്താത്തതിനാൽ കൊതുകളുടെ ശല്യവും രൂക്ഷമാണ്.
കുളം നവീകരിക്കണം
വാർഡ് മെമ്പർ അടിയന്തരമായി ഇടപെട്ട് കുളം നവീകരിക്കാൻ നടപടി സ്വീകരിക്കണം. സർക്കാരിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ ഫണ്ട് അനുവദിച്ച് സൈഡ് വാൾ കെട്ടി കുളിക്കടവുകൾ നവീകരിച്ച് ആധുനീക രീതിയിൽ കുളത്തെ സംരക്ഷിക്കാനുള്ള ശാശ്വത നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം
ഷിബു, യൂത്ത് കോൺഗ്രസ്
മണ്ഡലം സെക്രട്ടറി