rain

മത്സ്യബന്ധനക്കപ്പൽ അപകടത്തിൽപ്പെട്ട് ഒരാളെ കാണാതായി

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ദുർബലമായെങ്കിലും കേരളത്തിന്റെ പലഭാഗത്തും ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും വൻനാശം. നിരവധി വീടുകൾ നിലം പൊത്തി. മരങ്ങൾ വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. തൃശൂർ മുകുന്ദപുരം കാറളം ചങ്ങരകണ്ടത്ത് അനിലിൻെറ വീട് തകർന്നു.

കൊച്ചിയിൽ നിന്ന് 3 പേരുമായി പോയ സിന്ധുയാത്രമാത എന്ന മത്സ്യബന്ധനക്കപ്പൽ കടലിൽ അപകടത്തിൽപ്പെട്ടു. രണ്ടു പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

മറൈൻ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വിവരമനുസരിച്ച് മത്സ്യബന്ധനത്തിന് കടലിൽ പോയ 18 ബോട്ടുകളിൽ ആറെണ്ണം പൂർണമായി തകർന്നു. ഇന്ധനം തീർന്നതിനാൽ പൂവാർ പ്രദേശത്തു കടലിൽ പെട്ടുപോയ ഒരു ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന 3 പേരെയും സുരക്ഷിതമായി കരയിൽ എത്തിച്ചു.

നെയ്യാർ ഡാമിൻെറ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തി. നെയ്യാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അരുവിക്കര ഡാമിൻെറ മൂന്ന് ഷട്ടറുകൾ തുറന്നു. ഇടുക്കി കല്ലാർകുട്ടി പമ്പള, എറണാകുളം ഭൂതത്താൻകെട്ട് ഡാമുകളും തുറന്നു. 37 ദുരിതാശ്വാസ ക്യാമ്പുകളിലായി 1383 പേരെ മാറ്റി പാർപ്പിച്ചു.