ആശുപത്രിയുടെ തീമിലുള്ള ഈ റെസ്‌റ്റോറന്റ് മുമ്പ് കണ്ടിട്ടുണ്ടോ ? അമേരിക്കയിലെ ഈ റെസ്‌റ്റോറന്റിലെ ജീവനക്കാരെല്ലാം ഡോക്ടർമാരുടെയും നഴ്സുമാരുടെയും വേഷത്തിലാണ് കസ്‌റ്റമേഴ്സിനെ സ്വീകരിക്കുന്നത്. ഇവിടേക്ക് വരുന്നവരെയെല്ലാം രോഗികളായാണ് സ്വീകരിക്കുന്നത്. ഇവിടേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ആദ്യം തന്നെ ഹോസ്പിറ്റൽ ഗൗണും കൈയ്യിൽ ബാൻഡും അണിയിക്കും. ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാർ മരുന്നുകുറിക്കുന്നത് എങ്ങനെയെന്ന് നമുക്കറിയാം. അത് പോലെയാണ് ഇവിടെത്തുന്നവരിൽ നിന്ന് നഴ്സിന്റെയും ഡോക്ടറിന്റെയും വേഷത്തിലുള്ള ജീവനക്കാർ ഓർഡർ സ്വീകരിക്കുന്നത്. !
അമേരിക്കയിലെ ലാസ് വേഗാസിലാണ് ' ദ ഹാർട്ട് അറ്റാക്ക് ഗ്രിൽ " എന്ന ഈ വിചിത്ര റെസ്‌റ്റോറന്റുള്ളത്. സന്ദർശകർക്ക് ആരോഗ്യകരമായ ഭക്ഷണം വിളമ്പാനാണ് എല്ലാ റെസ്‌റ്റോറന്റുകളും ശ്രദ്ധിക്കുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് ഗ്രിൽ നേർവിപരീതമാണ്. പേര് പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ഇവിടെയുള്ളത്. ഫാറ്റ്, ഷുഗർ, കൊളസ്ട്രോൾ എന്നീ ഘടകങ്ങൾ കൂടുതലുള്ള ഭക്ഷണമാണ് ഇവിടെ. ഇവിടുത്തെ ആഹാരം ദിവസവും കഴിച്ചാൽ ഹാർട്ട് അറ്റാക്ക് ഉറപ്പാണ്. ! പേരിന് പിന്നിലെ കാരണവും ഇതാണ്.
ജങ്ക് ഫുഡിന്റെ ദോഷഫലങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ റെസ്‌റ്റോറന്റ്. 2005ൽ അരിസോണയിലാണ് ഹാർട്ട് അറ്റാക്ക് ഗ്രിൽ ആദ്യമായി തുറന്നത്. ജോൺ ബോസോ എന്ന ന്യൂട്രീഷ്യനിസ്‌റ്റാണ് ഈ സംരംഭത്തിന് പിന്നിൽ. 2011ലാണ് ഈ റെസ്‌റ്റോറന്റ് ലാസ് വേഗാസിലേക്ക് മാറ്റിയത്.
160 കിലോയിൽ കൂടുതൽ ഭാരമുള്ളവർക്ക് ഇവിടെ സൗജന്യ ഭക്ഷണം ലഭിക്കും. ഇതിനായി ഭാര പരിശോധനയുണ്ട്. ബർഗർ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഐറ്റങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ, വലിപ്പം വളരെ വലുതായിരിക്കും. എല്ലാത്തിലും ഫാറ്റും കലോറിയുമൊക്കെ കൂടുതലുമായിരിക്കും. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള ബീഫ് ബർഗറുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മെക്സിക്കൻ കൊക്ക കോള മുതൽ ബിയർ വരെയുള്ള പാനിയങ്ങളും ലഭ്യമാണ്. ഭീമൻ ബർഗറുകൾ അകത്താക്കുന്ന ചലഞ്ചും ഇവിടെയുണ്ട്. ഇതിൽ വിജയിക്കുന്നവരെ വീൽചെയറിലാണ് പുറത്തെത്തിക്കുന്നത്. !
നിരവധി തവണ വിവാദങ്ങൾക്കും ഈ റെസ്‌റ്റോറന്റ് വേദിയായിട്ടുണ്ട്. ഇവിടെ നിന്ന് പതിവായി ഭക്ഷണം കഴിച്ച ചിലർക്ക് ശരിക്കും ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ, ഈ റെസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരുമുണ്ടത്രെ. !