കാട്ടാക്കട: സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിക്കായി മൂന്ന് കോടി രൂപ വിലവരുന്ന രണ്ടര ഏക്കറിലധികം ഭൂമി ദാനം ചെയ്ത പ്രശസ്ത പാരമ്പര്യ വൈദ്യ ചികിത്സകൻ പന്നിയോട് സുകുമാരൻ വൈദ്യരുടെ ഭാര്യ പന്നിയോട് ശ്രീലക്ഷ്മിയിൽ ജെ. ശ്യാമളദേവി(76)യ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. അരനൂറ്റാണ്ടിലേറെയായി പാരമ്പര്യ ചികിത്സ നടത്തുന്ന സുകുമാരൻ വൈദ്യർ സമ്പാദിച്ച ഭൂമിയാണ് നിർദ്ധനർക്ക് വീടുവച്ച് നൽകുന്നതിന് സൗജന്യമായി നൽകിയത്. വൈദ്യരുടെ ഭൂമിയിൽ മൂന്ന് മക്കൾക്കും ഇഷ്ടദാനം നൽകിയശേഷമുള്ളതിൽ നിന്നുമാണ് സാധുക്കൾക്ക് വീട് നിർമ്മിച്ചുനൽകാൻ കൈമാറിയത്. പ്രായാധിക്യം തളർത്തിയെങ്കിലും ഇപ്പോഴും ചികിത്സ നടത്തുന്ന വൈദ്യർ ഇതിനകം നിരവധികാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
സൗജന്യമായി നൽകിയ ഭൂമിയിൽ സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിപ്രകാരം ലൈഫ് മിഷൻ മുഖേന 75 കുടുംബങ്ങളെ പാർപ്പിക്കാനുള്ള സമുച്ചയം, സ്കൂൾ, ആശുപത്രി, കുളം എന്നിവ നിർമ്മിക്കാനായി ലക്ഷ്യമിട്ടാണ് ഭൂമി കൈമാറിയത്. അനവധി കാൻസർ രോഗികൾക്കും നിർദ്ധനരായ വിദ്യാർത്ഥികൾക്കും വൈദ്യരുടെ കുടുംബത്തിന്റെ സഹായഹസ്തം ലഭിക്കുകയാണിപ്പോൾ.
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ, വൈസ് പ്രസിഡന്റ് ഒ. ശ്രീകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ഫോട്ടോ...................ശ്യാമളാ ദേവി.