നെടുമങ്ങാട്: ഇര്യനാട് തടത്തരികത്ത് വീട്ടിൽ ബധിരരും മൂകരുമായ സഹോദരന്മാർ അന്തിയുറങ്ങുന്ന വീടാണ് ഇത്. പരേതരായ വേലു- ബേബി ദമ്പതികളുടെ മക്കൾ. സുനിൽകുമാറും സുകുമാരനും. കൂലിപ്പണിക്ക് പോകാൻ ശേഷിയില്ലാത്ത ഇവരുടെ ജീവിതം രക്ഷാകർത്താക്കളുടെ മരണ ശേഷം നാട്ടുകാരുടെ കാരുണൃത്തിലാണ്. മഴയിൽ ഇവരുടെ വീട് ഇടിഞ്ഞു വീണു. നിലം പതിക്കാറായ ഒരു ചെറിയ മുറിയിലാണ് കഴിഞ്ഞ ദിവസം വരെയും താമസിച്ചിരുന്നത്. അപകടം മുന്നിൽക്കണ്ട് നാട്ടുകാർ സമീപവാസിയുടെ വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രമാണം പരിചയക്കാരനായ ഒരാൾ കൈവശപ്പെടുത്തി എന്നാണ് നാട്ടുകാരുടെ പരാതി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നല്കാൻ കഴിയാത്ത സാഹചരൃമാണെന്ന് വാർഡ് മെമ്പർ അശ്വതി രഞ്ജിത്ത് പറഞ്ഞു. സഹോദരങ്ങൾക്ക് തലചായ്ക്കാൻ ചെറിയൊരു മുറിയെങ്കിലും പണിയാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.