നെടുമങ്ങാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേനയുടെ പ്രവർത്തനം മാതൃകാപരം. അദ്ധ്യാപകനും കവിയും നെടുമങ്ങാട് അർബൻ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമായ കൊല്ലങ്കാവ് കൊടിപ്പുറത്ത് കുഴിവിളയിൽ പി. വിശ്വംഭരൻ (83) ഉൾപ്പടെ നഗരസഭ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 13 പേരുടെ മൃതദേഹങ്ങൾ സന്നദ്ധ സേനയിലെ അംഗങ്ങളാണ് സംസ്കരിച്ചത്. 39 വാർഡുകളിലുമുള്ള കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അവശ്യ സാധനങ്ങളും മരുന്നും ഭക്ഷണവും എത്തിക്കൽ, അണുനശീകരണ പ്രവർത്തനങ്ങൾ, കൊവിഡ് ചികിത്സാ വാർഡ് സജ്ജീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നിറവേറ്റുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും ആശുപത്രിയിൽ എത്തിക്കുന്നതിന് 'സ്‌നേഹവണ്ടി' ആംബുലൻസ് സേവനവും ലഭ്യമാണ്. അവശ്യസാധനങ്ങൾ നിറച്ച 'സ്നേഹക്കിറ്റുകൾ' വിതരണം ചെയ്ത് വരികയാണ്. വട്ടപ്പാറ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഏഴ് പേർ വോളന്റീയർമാരായി പ്രവർത്തിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് ട്രഷറർ എം. മനീഷ് , പഴകുറ്റി മേഖലാ പ്രസിഡന്റ് ബി. വിഷ്ണു, മേഖലാ എക്സിക്യൂട്ടീവ് അംഗം ജെ.യു. ജിഷ്ണു, മേഖലാ കമ്മിറ്റി അംഗം ബിനുകുമാർ, സന്നദ്ധ സേന നഗരസഭ തല കോ-ഓഡിനേറ്റർ എ.എസ്. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.