കാസർകോട്: ജീവനക്കാരുടെ കുറവും ജനങ്ങളുടെ നിസ്സഹകരണവും മൂലം കാസർകോട് ജില്ലയിലെ ആദിവാസി കോളനികളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം അടിതെറ്റുന്നു. ദേലമ്പാടി പഞ്ചായത്തിലെ മൂന്ന് ട്രൈബൽ കോളനികളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 104 ഓളം കേസുകൾ റിപ്പോർട്ട് ചെയ്ത ഇവിടെ ദേവരടുക്ക, ബെന്നു, പയറടുക്ക എന്നീ മൂന്ന് ക്ലസ്റ്ററുകളാണ് ആരോഗ്യ വകുപ്പ് രൂപീകരിച്ചത്. 422 പേരുടെ കൊവിഡ് ടെസ്റ്റ് ചെയ്തപ്പോൾ ആണ് 104 രോഗികൾ മൂന്ന് കോളനികളിലായുണ്ടായത്.
ദേവരടുക്ക കോളനിയിൽ 38 കേസുകളും ബെന്നു കോളനിയിൽ 20 കേസുകളും പയറടുക്കയിൽ 46 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവരിൽ പലരും നെഗറ്റീവ് ആയെങ്കിലും കോളനികളിലെ കോവിഡ് വ്യാപന ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. ജില്ലയിലെ ട്രൈബൽ കോളനികളിൽ 60,000 ത്തോളം ജനസംഖ്യയുണ്ട്. ഇതിൽ മഹാഭൂരിപക്ഷവും താമസിക്കുന്നത് കേരള-കർണ്ണാടക അതിർത്തികളിലെ പ്രദേശങ്ങളിലും വനമേഖലയിലുമാണ്.
ആരോഗ്യവകുപ്പും സർക്കാരും പുറപ്പെടുവിക്കുന്ന കൊവിഡ് മാനദണ്ഡങ്ങളോ ലോക്ക് ഡൗൺ നിയമങ്ങളോ പാലിക്കാൻ ജീവിത സാഹചര്യം ദുരിതപൂർണ്ണമായതിനാൽ ഈ വിഭാഗത്തിന് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ട് തന്നെ കോളനികളിൽ രോഗം പകരുമ്പോൾ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ആരോഗ്യവകുപ്പ് അധികാരികൾ പറഞ്ഞാലും അത് അനുസരിക്കാൻ ഇവർക്ക് കഴിയില്ല. തങ്ങളുടെ കുടിലുകൾ വിട്ട് പോകാൻ മറ്റൊരു ഇടമില്ലാത്തത് കാരണം മാറി താമസിക്കുക സാദ്ധ്യമാകില്ല. കോളനികളിലെ പല കുടുംബങ്ങളും കൂട്ടമായാണ് താമസിക്കുന്നത്. അതിർത്തി കടന്നുപോയി കൂലിപണിയെടുത്തും സാധനങ്ങളും മറ്റും വാങ്ങിവന്നാലും മാത്രമേ കോളനിവാസികൾക്ക് വയറുനിറയ്ക്കാൻ കഴിയൂ എന്ന സ്ഥിതിയുമുണ്ട്.
ക്വാറന്റൈനിൽ പോകാൻ വിസമ്മതിക്കുന്നത് കൊണ്ടുതന്നെ ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനം വിചാരിച്ചത് പോലെ നടക്കുന്നില്ല. പൊലീസും പഞ്ചായത്തും ജനപ്രതിനിധികളും ഇടപെട്ടാലും വലിയതോതിൽ നടപ്പിലാകാത്ത സ്ഥിതിയാണുള്ളത്. കൊവിഡ് വാക്സിനേഷനും ഈ മേഖലയിൽ മുടങ്ങുകയാണ്. പ്രത്യേക ക്യാമ്പ് വച്ചാൽ പോലും ആരും പോകാനും വാക്സിൻ എടുക്കാനും തയ്യാറാകുന്നില്ല. കോളനികളിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനം നടത്താനും വാക്സിൻ എടുപ്പിക്കാനും ജീവനക്കാരുടെ കുറവ് കാരണം ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല. ജില്ലയിൽ 27 ജെ.പി.എച്ച് മാരുടെയും 22 ജെ.എച്ച്.ഐമാരുടെയും കുറവുണ്ട്. പി.എസ്.സി ലിസ്റ്റ് നിലവിൽ ഇല്ലാത്തതിനാൽ ഈ ഒഴിവുകൾ നികത്താനും സാധിക്കുന്നില്ലെന്ന് പറയുന്നു. താത്ക്കാലിക നിയമനം നടത്താൻ കേരള കോഴ്സ് കഴിഞ്ഞവർ ആരും നിലവിലുമില്ല.