തിരുവനന്തപുരം: സംസ്ഥാനത്ത് 30 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്നും നാളെയും വൈകിട്ട് ഇടിമിന്നലോടെയുള്ള മഴയും ലഭിക്കും. മഴയുടെ പശ്ചാത്തലത്തിൽ നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്തും അറബിക്കലടിന്റെയും ബംഗാൾ ഉൾക്കടലിന്റെയും തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, മദ്ധ്യപടിഞ്ഞാറൻ ഭാഗങ്ങളിലും, തമിഴ്‌നാട്, കന്യാകുമാരി, ആന്ധ്ര തീരങ്ങളിലും ഇന്നു മുതൽ 29 വരെ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
ഇന്നു രാത്രി പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്തും നാളെ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയും 3 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കു സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.