തിരുവനന്തപുരം: ടൗക് തേ ചുഴലിക്കാറ്റ് കൊടിയ നാശം വിതച്ച കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിൽ അടിയന്തര സഹായമെത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ഡോ. ശശി തരൂർ എം.പി ആവശ്യപ്പെട്ടു. വീടുകൾ നഷ്ടപ്പെട്ടവർ ഇപ്പോൾ ക്യാമ്പുകളിലാണ്. ഇവരുടെ ആരോഗ്യകാര്യത്തിലും ഭക്ഷണക്രമീകരണത്തിലും പ്രത്യേക ശ്രദ്ധ വേണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. തീരദേശവാസികൾക്കായി നിർമ്മിച്ച വീടുകൾ അടിയന്തരമായി ഗുണഭോക്താക്കൾക്ക് അനുവദിച്ച് നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. കൊവിഡാനന്തര പ്രശ്‌നങ്ങൾക്കായുള്ള ചികിത്സ കഴിഞ്ഞ് പൊഴിയൂർ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.