നെടുമങ്ങാട്: ജില്ലാ ആശുപത്രി മെയിൻ ഗേറ്റിൽ കൂറ്റൻ പാലമരം വീണ് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആംബുലൻസുകൾ പൂർണമായി തകരുകയും ബൈക്ക് യാത്രികനായ യുവാവിന് പരിക്കേൽകുകയും ചെയ്തു. ഇന്നലെ വൈകിട്ട് 3.45ന് ആയിരുന്നു ഡയാലിസീസ്, ഐ.സി.യു, ജനറൽ മെഡിസിൻ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പുറകിലുള്ള മരമാണ് നിലംപൊത്തിയത്. മരം ഒടിയുന്ന ശബ്ദം കേട്ട് ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ ഇറങ്ങിയോടിയത് ജീവഹാനി ഒഴിവാക്കിയെങ്കിലും ഇതുവഴി ബൈക്കോടിച്ചു വന്ന അരുവിക്കര ഷെമീറി(31) ന്റെ ദേഹത്ത് മരച്ചില്ല വീണ് കാലിനു പരിക്കേൽക്കുകയും ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രി ജംഗ്‌ഷനിൽ നിന്ന് ചന്തമുക്കിലേക്കുള്ള പ്രധാന റോഡിലാണ് അപകടം.15 ലക്ഷം രൂപയോളം നഷ്ടമുണ്ടായി. നെടുമങ്ങാട് ഫയർഫോഴസ് വിഭാഗവും പൊലീസും നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കി അടിയിൽപ്പെട്ട ആംബുലൻസുകൾ പുറത്തെടുത്തു. നെടുമങ്ങാട് നഗരസഭ അദ്ധ്യക്ഷ സി.എസ്.ശ്രീജ, തഹസിൽദാർ സുരേഷ്‌കുമാർ, പൊലീസ് ഇൻസ്പെക്ടർ വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
caption: ഒടിഞ്ഞുവീണ കൂറ്റൻ മരത്തിനടിയിൽ നിന്ന് ആംബുലൻസുകൾ പുറത്തെടുക്കുന്നു