veed

കാട്ടാക്കട: കള്ളിക്കാട്ട് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് ലോട്ടറി വില്പനക്കാരന്റെ വീട് തകർന്നു. ലോക്ക്ഡൗണിൽ ലോട്ടറി വില്പന നടക്കാതെ ആകെ ദുരിതത്തിൽ കഴിയവേയാണ് മണ്ണിടിച്ചിലിൽ കാട്ടാക്കട ചെറുകോട് കടുവാക്കുഴി ജി.ജി ഭവനിൽ മോഹനന്റെ ആകെയുള്ള വീടും തകർന്നത്. മോഹനനും ഭാര്യ ഗീതയും മകനും കഴിയുന്ന വീടിന്റെ മുകളിലേക്ക് 250 അടി പൊക്കത്തിൽ നിന്നും സമീപത്തെ പുരയിടത്തിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അടുക്കളയുടെയും വർക്ക് ഏരിയയുടെയും പുറത്തേക്ക് മണ്ണ് പതിച്ചതിനാൽ ആളപായം ഒഴിവാകുകയായിരുന്നു. വർക്ക് ഏരിയ പൂർണ്ണമായും ഗ്രൈൻഡറും മിക്സിയും ഉൾപ്പടെയുള്ള വസ്തുക്കളും മണ്ണിനടിയിലായി. കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ മണ്ണിടിഞ്ഞുണ്ടായ അറ്റകുറ്റപണികൾ ചെയ്ത തുക ഇതുവരെയും വീട്ടിയില്ലെന്നും കുടുംബം കടുത്ത ബാദ്ധ്യതയിലാണെന്നും മോഹനൻ പറയുന്നു. മഴ ശക്തമായാൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും സമീപത്തെ വീടുകളും അപകട ഭീഷണിയിലാണെന്നും റവന്യൂ അധികൃതർ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

caption: ശക്തമായ മഴയിൽ മോഹനന്റെ വീട് മണ്ണിടിഞ്ഞ് വീണ് തകർന്ന നിലയിൽ.