പാലോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് പാലോട് ബൊട്ടാണിക്കൽ ഗാർഡന് സമീപം രണ്ടു വീടുകൾ തകർന്നു. വീടിന് പിൻഭാഗത്തുള്ള മൺതിട്ടകൾ ഇടിഞ്ഞ് സുന്ദരൻ പിള്ളയുടെയും, നാസറിന്റെയും വീടുകളാണ് തകർന്നത്. സുന്ദരൻ പിള്ളയുടെ വീട് പൂർണമായും തകർന്നു. ഗൃഹോപകരണങ്ങൾ നശിച്ചു. വീടിന്റെ ചുവരുകളും അടിസ്ഥാനവും പൊട്ടി മാറിയതിനാൽ സുന്ദരൻ പിള്ളയും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
നാസറിന്റെ വീടിന്റെ കിടപ്പുമുറി, അടുക്കള എന്നിവ പൂർണമായും നശിച്ചു. ആളപായമില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപുണ്ടായ മണ്ണിടിച്ചിലിൽ നാസറിന്റെ ഉമ്മ മരിച്ചിരുന്നു. എം.എൽ.എ ഡി.കെ. മുരളി, കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ, തഹസീൽദാർ സുരേഷ് ബാബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ക്യാപ്ഷൻ: ജവഹർ കോളനിയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന സുന്ദരൻ പിള്ളയുടെയും നാസറിന്റെയും വീടുകൾ