തിരുവനന്തപുരം: റേഷൻ കാർഡ് ലഭിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനോട് പരാതി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ റേഷൻ കാർഡ് റെഡി. എസ്റ്റേറ്റ്,​ സത്യൻ നഗർ സൗപർണികയിൽ ഇസ്മായിൽ മുനവരി ജാഫറിന്റെ ഭാര്യ റോഷ്നി ഇസ്മായിലിന്റെ പേരിലാണ് പുതിയ കാർഡ് ലഭിച്ചത്.

കഴിഞ്ഞ കുറെ മാസങ്ങളായി 78കാരനായ ഇസ്മായിൽ റേഷൻ കാ‌ർഡ് ലഭിക്കാനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ഓരോരോ കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ അപേക്ഷ നിരസിക്കുകയായിരുന്നു. മന്ത്രിയായ ചുമതലയേറ്റെടുത്ത ശേഷം ജി.ആർ. അനിൽ പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാക്കുന്നുവെന്നറിഞ്ഞ ഇസ്മായിൽ അദ്ദേഹത്തെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ നടപടി എടുക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടനെ റോഷ്നി ഇസ്മായിലിന് റേഷൻ കാർഡ് ലഭിച്ചു. ഇപ്പോൾ പൊതുവിഭാഗത്തിലെ കാർഡാണ് നൽകിയത്. മുൻഗണനാ കാർഡിന് അർഹതയുണ്ടെന്ന് വ്യക്തമായാൽ ആ വിഭാഗത്തിലെ കാർഡ് നൽകുമെന്ന് മന്ത്രി അറിയിച്ചു.