പൂവാർ: കാഞ്ഞിരംകുളത്തെ പൊട്ടക്കുളത്തിൽ നിന്നുണ്ടാകുന്ന വെള്ളക്കെട്ടിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കഴിഞ്ഞ പെരുമഴയിൽ മഴവെള്ളം ഒഴുകി എത്തിയതോടെ മിനിറ്റുകൾക്കകം പൊട്ടക്കുളം നിറഞ്ഞ് കവിഞ്ഞു. 200 ഓളം വീടുകൾക്ക് മുന്നിൽ വെള്ളം കെട്ടുണ്ടായി. 30 ഓളം വീടുകളിൽ വെള്ളം കയറി. വെള്ളം ഇടറോഡുകളിലൂടെ ഒഴുകാൻ തുടങ്ങി. വീടുകൾക്കു മുന്നിൽ വെള്ളം പെരുകിയതും വീട്ടിനുള്ളിൽ വെള്ളം കയറിയതും പ്രദേശ വാസികളുടെ താളം തെറ്റിച്ചു. പ്രദേശ വാസികൾക്ക് വീടിന് പുറത്തേക്കും അകത്തേക്കും പോകാൻ കഴിയാത്ത അവസ്ഥയായി.
പൊട്ടക്കുളത്തിൽ നിന്നും വെള്ളം സമീപത്തെ മലിനംകുളത്തിലേക്ക് ഒഴുക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. മലിനംകുളത്തിൽ പെരുകുന്ന വെള്ളം പമ്പ് ചെയ്ത് ഒഴുക്കി കളയുകയാണ് പതിവ്. എന്നാൽ ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സന്ദർഭങ്ങളിൽ കറണ്ട് ഉണ്ടാകാറില്ല. ഈ സാഹചര്യത്തിൽ മലിനംകുളവും നിറഞ്ഞ് കവിയും. ഇത് പലപ്പോഴും തീരാദുരിതം വിതക്കാറുണ്ടെന്നും പ്രദേശ വാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനറേറ്ററിന്റെ സഹായത്താലാണ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം ഒഴിക്കി കളഞ്ഞത്.
വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് 2016-ൽ ആക്ഷൻ കൗൺസിൽ രംഗത്ത് വന്നതോടെ പ്രദേശവാസികൾ ഉണർന്നു. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് പൊട്ടക്കുളം മുതൽ മലിനംകുളം വരെയുള്ള ദൂരം പൈപ്പ് ലൈൻ സ്ഥാപിച്ചത്. 2016-ൽ ജമീല പ്രകാശം എം.എൽ. എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47. 7 ലക്ഷം രൂപ ചെലവിട്ടാണ് അത് പൂർത്തിയാക്കിയത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് പര്യാപ്തമല്ല.
ഓട വേണം
പൊട്ടക്കുളത്തിന്റെ വിസ്തൃതി കുറഞ്ഞു, സ്വാഭാവിക ആഴവും ഇല്ല. മുൻ കാലങ്ങളിൽ പ്രദേശത്ത് വീടുകൾ കുറവായിരുന്നു. എന്നാൽ ഇന്ന് കാഞ്ഞിരംകുളത്തെ പ്രധാന ഹൗസിംഗ് ഏരിയയാണ് ഇവിടം. ഒഴുകിയെത്തുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള വിസ്തൃതി അവിടെ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്നും പുല്ലുവിള റോഡിൽ ഒഴുകിയെത്തുന്ന മഴവെള്ളമാണ് വെള്ളക്കെട്ടിന് കാരണം. തിരുപുറം, പൂവാർ റോഡുകളിൽ നിന്നും ജംഗ്ഷനിൽ ഒഴുകി എത്തുന്ന മഴവെള്ളം ഒഴുക്കി കളയുന്നതിന് പുല്ലുവിള റോഡിൽ ജംഗ്ഷൻ മുതൽ 200 മീറ്റർ മാത്രമാണ് ഓടയുള്ളത്. അവിടെ നിന്നും തിരിച്ച് സ്വകാര്യ പുരയിടത്തിലേക്ക് ഇറങ്ങുന്ന വെള്ളമാണ് പൊട്ടക്കുളം പ്രദേശത്ത് ഒഴുകി എത്തുന്നത്. ഇതിന് പരിഹാരം കാണാൻ കാഞ്ഞിരംകുളം പുല്ലുവിള റോഡിൽ ഓട നിർമ്മിക്കുക മാത്രമാണ് ഏക പോംവഴി.
കാഞ്ഞിരംകുളം ഇംഗ്ഷനിൽ തുടങ്ങുന്ന ഓട ചാവടി വരെ എത്തിക്കാനായാൽ കാഞ്ഞിരംകുളത്തെ പൊട്ടക്കുളം അടക്കമുള്ള മുഴുവൻ വെള്ളക്കെട്ടും പൂർണ്ണമായും പരിഹരിക്കാൻ കഴിയു. ഇതിനായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രിക്കും, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർക്കും 2020 ജൂണിൽ മെമ്മോറാണ്ടം നൽകിയിരുന്നു.
ആക്ഷൻ കൗൺസിൽ സെക്രട്ടറി സി.സുരേന്ദ്രൻ