കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചാരുപാറയിൽ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ചാരുപാറ ചിറ്റിലഴികം സ്വദേശി സാവിത്രിയുടെ ശിവതീർത്ഥം എന്ന വീടിനും, അയൽവാസി തുളസിയുടെ കുന്നുവിള വീടിനുമാണ് ശക്തമായ മണ്ണിടിച്ചിലിൽ നാശം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെ തുടർന്നാണ് വീടുകൾക്ക് പിന്നിലുള്ള ഉയർന്ന ഭാഗം ഉഗ്ര ശബ്ദത്തോടെ അടർന്ന് വീണത്.
സാവിത്രിയുടെ വീടിന്റെ അകത്ത് പൂർണമായും മണ്ണ് നിറഞ്ഞ നിലയിലാണ്. തുളസിയുടെ വീടിന് പുറമെ കിണറും മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. നിർദ്ധന കുടുബങ്ങളായ ഇവർക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീടുകളാണ് മണ്ണ് കയറി നശിച്ചത്. ഒ.എസ്. അംബിക എം.എൽ.എ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ തുടങ്ങിയവർ വീടുകൾ സന്ദർശിച്ചു.