thripparappu

നാഗർകോവിൽ: കൊവിഡിന്റെ ആദ്യ വരവിൽ നട്ടെല്ലൊടിയുകയും പിന്നീട് തിരിച്ചുവരവിന്റെ പാതയിൽ ആവുകയും ചെയ്ത കന്യാകുമാരിയിലെ ടൂറിസം മേഖല ഇപ്പോൾ രണ്ടാം തരംഗം കൂടി വന്നതോടെ കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണാണ് ടൂറിസം മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ആദ്യഘട്ട കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സമീപകാലത്ത് വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധന ഉണ്ടായിരുന്നു. മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും സഞ്ചാരികൾ ജില്ലയിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയായിരുന്നു. കന്യാകുമാരി ത്രിവേണി സംഗമത്തിൽ പ്രതിദിനം രണ്ട് ലക്ഷം സഞ്ചാരികൾ വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കുട്ടികളെയുമായി സമയം ചെലവഴിക്കാൻ നിരവധി പേരായിരുന്നു ബീച്ചുകളിൽ എത്തിയിരുന്നത്.


ചിതറാൽ മലക്കോവിൽ, പദ്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് വെള്ളച്ചാട്ടം അടക്കം ജില്ലയിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. കടുത്ത പ്രതിസന്ധിയിലായിരുന്ന ജില്ലയിലെ വിനോദസഞ്ചാര മേഖല ഇത്തരത്തിൽ പതിയെ തിരിച്ചുവരുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാം തരംഗം എത്തിയത്. രോഗവ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. ഒടുവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂർണമായും പൂട്ട് വീഴുകയും ചെയ്തു. ടൂറിസം മേഖലയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകൾ ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത വിധത്തിൽ ദുരിതമുഖത്താണ്. കൊവിഡിന്റെ രണ്ടാംവരവിൽ ഏപ്രിൽ മാസം മുതൽ തന്നെ ടൂറിസം മേഖല പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു.

സഞ്ചാരികളുടെ വരവ് കുറഞ്ഞത് മുതൽ തന്നെ ടൂറിസം കേന്ദ്രങ്ങൾ ഒന്നൊന്നായി പൂട്ടിത്തുടങ്ങി. ഇതോടെ വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജില്ലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാതെ മറ്റ് വഴികളില്ലാതായി. ആളുകളെത്താതായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങളും പൂട്ടി. സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിച്ചുവന്നിരുന്ന ടാക്സികളും ടൂറിസ്റ്റ് വാഹനങ്ങളുമെല്ലാം നിറുത്തിയിടേണ്ടി വന്നു. ഇങ്ങനെ ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആയിരങ്ങൾക്ക് ഒറ്റയടിക്ക് തൊഴിലില്ലാതായി. ഇവരിൽ പലരും മറ്റു പല ജോലികളും തേടിപ്പോയിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് ഇക്കാലയളവിൽ ജില്ലയിലെ ടൂറിസം മേഖലയ്ക്കുണ്ടായത്. നിലവിലെ സാഹചര്യത്തിൽ ഇനി തുറന്നാൽ പോലും ജില്ലയിലെ വിനോദ സഞ്ചാര മേഖല പൂർവ സ്ഥിതിയിലെത്താൻ ഏറെ സമയമെടുക്കും.