photo1

പാലോട്: ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും വർണങ്ങൾ നിറച്ച ജില്ലയിലെ പടക്ക നിർമ്മാണ തൊഴിലാളികൾ കൊവിഡ് വന്നതോടെ ഇവരുടെ ജീവിതം നിറംമങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ഉത്സവങ്ങളും വിഷുവുമെല്ലാം ചടങ്ങുകൾ മാത്രമായതോടെ ഇവയ്ക്ക് ആവേശം പകർന്നുനൽകിയ പടക്കം മാറ്റിനിറുത്തപ്പെട്ടു. ചുരുക്കത്തിൽ ജീവിതം നിശ്ചലമായ അവസ്ഥയിലാണ് തൊഴിലാളികളും ലൈസൻസികളും. ഓരോ ലൈസൻസികൾക്കും പടക്കം നിർമ്മിക്കുന്നതിനായി സ്ഥിരം തൊഴിലാളികളുണ്ട്. ഓരോ ലൈസൻസികളും വിറ്റഴിക്കുന്ന പടക്കത്തിനെ ആശ്രയിച്ചാണ് ഇവരുടെ വരുമാനവും. ഉത്സവവും ദീപാവലി വിപണിയും ആശ്രയിച്ചാണ് ഇവരുടെ സ്വപ്നങ്ങളും ജീവിതവും പടുത്തുയർത്തുന്നത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് അങ്ങനെ നിരവധി സ്വപ്നങ്ങളാണ് ഇവർ വർണം ചേർക്കുന്നത്. എന്നാൽ അവയെല്ലാം കൊവിഡിന്റെ വരവോടെ നിലച്ചു.

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് ഒരു മാർഗവും മുന്നിലില്ലാതെ പ്രതിസന്ധിയിലാണ് ആയിരത്തോളം വരുന്ന പടക്കത്തൊഴിലാളികൾ.

ആശങ്കയിൽ തൊഴിലാളികൾ

പടക്ക നിർമ്മാണത്തിന് ആവശ്യമായ പനയോല എത്തിക്കുന്നത് ശിവകാശിയിൽ നിന്നാണ്. ഒരു ലോഡ് പനയോല നിർമ്മാണ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഏകദേശം അറുപത്തി അയ്യായിരം രൂപ ചെലവ് വരും. ശിവകാശിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമാണ് വെടിമരുന്നും തിരിയും എത്തുന്നത്. സീസൺ മുന്നിൽ കണ്ട് ബാങ്ക് ലോൺ തരപ്പെടുത്തിയും കടം വാങ്ങിയും ഓരോ ലൈസൻസിയും നിർമ്മാണ സാമഗ്രികൾ എത്തിച്ചപ്പോഴേക്കും ലോക്ക് ഡൗൺ കർശനമായി. ഇതോടെ ലൈസൻസികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. തങ്ങളാൽ കഴിയുന്നത് ഓരോ ഉടമകളും തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്നുണ്ടെങ്കിലും ഇത് എത്രകാലം തുടരാൻ കഴിയുമെന്ന ആശങ്കയും അലട്ടുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളും ലോക് ഡൗണും കാരണം പടക്കനിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് ഈ തൊഴിലിൽ ഏർപ്പെടുന്നവർക്ക് തൊഴിൽ ചെയ്യാനുള്ള അനുമതി ലഭ്യമാക്കിയാൽ പട്ടിണിയുടെ വക്കിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയും.

സുശീലൻ ആശാൻ

സംസ്ഥാന വൈസ് പ്രസിഡന്റ്

കേരള ഫയർ വർക്ക്സ് ഡീലേഴ്സ് ആൻഡ് ലേബർ യൂണിയൻ