പാലോട്: വഴിയരികിൽ അച്ഛനെ മകൻ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ ശക്തമായി ഇടപെടുന്നു. ജനവാസമില്ലാത്ത സ്ഥലത്തുവച്ച് നടന്ന രംഗം കണ്ട് ബൈക്കിൽ പോയവർ പ്രശ്നത്തിൽ ഇടപെട്ടു. അച്ഛനെ തല്ലാൻ വടിയുമായി നിന്ന മകൻ സ്ഥലത്തെത്തിയവരോടും കയർത്തു. ഇതിനിടെ നാട്ടുകാർ മകനെ തല്ലാനും ഒരുങ്ങി. വിഷയം രൂക്ഷമായപ്പോൾ ചിലരുടെ അഭിപ്രായത്തിൽ വെഞ്ഞാറമൂടിലെ ആശ്രയതീരം ചാരിറ്റി വില്ലേജിലേക്ക് ഉപേക്ഷിക്കപ്പെട്ട അച്ഛനെ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അവശതയിലാണ്ട അച്ഛനും ഉപേക്ഷിക്കാൻ ശ്രമിച്ച മകനും അവതാരകരുടെ റോളിലേക്ക് മാറി. ഒളിപ്പിച്ചുവച്ച കാമറകൾ പുറത്തെത്തി. കൗമുദി ചാനലിന്റെ ജനപ്രിയ പരിപാടി ഓ മൈ ഗോഡിന്റെ 250ാമത്തെ എപ്പിസോഡാണ് നാട്ടുകാരെ ഞെട്ടിച്ചത്.
ഒടുവിൽ ' ഓ മൈ ഗോഡ് ' സംഘം കരുതിവച്ച ഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനവും പച്ചക്കറിയും വസ്ത്രങ്ങളുമൊക്കെ നൽകാൻ നാട്ടുകാരും ഒപ്പം കൂടി. വെഞ്ഞാറമൂട്ടിലെ ആശ്രയ തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചാരിറ്റി വില്ലേജിലെ 85 പേർക്ക് സഹായം നൽകാനാണ് ' ഓ മൈ ഗോഡ് ' സംഘമെത്തിയത്. ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമ്മാനി ഓ മൈ ഗോഡ് ടീം നൽകിയ സഹായങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാമിന്റെ സംവിധായകൻ പ്രദീപ് മരുതത്തൂർ, അവതാരകരായ ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള, മാദ്ധ്യമ പ്രവർത്തകരായ ജിജി ഡി.ഐ, പൂർണിമ എന്നിവർ നേതൃത്വം നൽകി. ജൂൺ 6ന് രാത്രി 10ന് കൗമുദി ചാനൽ പ്രോഗ്രാം സംപ്രേഷണം ചെയ്യും.