കല്ലമ്പലം: കൊവിഡ് പ്രതിരോധത്തിൽ മികവുറ്റ പ്രവർത്തനവുമായി മണമ്പൂർ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ. പ്രതിരോധത്തിന്റെ ആദ്യഘട്ടമായി നാലാം വാർഡിലെ ബസ് സ്റ്റോപ്പുകൾ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ മെഷീനുകൾ സ്ഥാപിച്ചു. വാർഡിലെ പ്രധാനപ്പെട്ട റോഡുകൾ, ഇടറോഡുകൾ, കച്ചവട സ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഓട്ടോ സ്റ്റാൻഡുകൾ, മൃഗാശുപത്രി എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. വാർഡിലെ കൊവിഡ് രോഗികൾക്ക് മെമ്പർ തന്നെ പാചകം ചെയ്ത കഞ്ഞിയും കറിയും, പൊതിച്ചോറും തയ്യാറാക്കി പ്രവർത്തകർക്കൊപ്പം വീടുകളിൽ എത്തിക്കുന്നുണ്ട്. കൂടാതെ കൊവിഡ് ബാധിതർക്ക് ആവശ്യമായ ഫ്രൂട്ട്സ്, മുട്ട, മരുന്നുകൾ, ബ്രഡ്, പാൽ എന്നിവയും എത്തിച്ചുനൽകുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ ആവശ്യമായിട്ടുള്ളവർക്ക് ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി നേടിയവരെ തിരികെ വീടുകളിൽ എത്തിച്ച ശേഷം അവർക്ക് ആവശ്യമായ മരുന്നുകൾ മെമ്പർ തന്നെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. പച്ചക്കറി കിറ്റ് വിതരണം നാലാംഘട്ടത്തിലേക്ക് കടന്നു. ആശാവർക്കർമാർക്ക് സുരക്ഷാഉപകരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോ: വാർഡിലുള്ളവർക്കുള്ള പച്ചക്കറി കിറ്റുമായി മെമ്പർ നിമ്മി അനിരുദ്ധൻ