ബാലരാമപുരം: കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. കെ.പി.എസ്.ടി.എ. ബാലരാമപുരം ഉപജില്ലാ കമ്മിറ്റി മൂന്ന് ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
ഇതിന്റെ ഭാഗമായി കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാറിന് സാമൂഹ്യ അടുക്കളയ്ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകിക്കൊണ്ട് ' ഒറ്റയ്ക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് കെ.പി.എസ്.ടി.എ ' എന്ന പദ്ധതിയുടെ ബാലരാമപുരം ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ഭാരവാഹികളായ എ.എസ്. ബിജു. വി. ജയകുമാർ, ആസ് വിൻരാജ്, അശോകൻ, മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.