ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം തൈവിളാകം പുരയിടത്തിൽ ജോസഫ്- അൽഫോൺസ ദമ്പതികളുടെ മകൻ ഷാജു (36)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ പൂത്തുറയ്ക്ക് സമീപം കണ്ടെത്തിയത്. രാവിലെ മത്സ്യബന്ധനത്തിന് പോയ മറ്റ് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ മൃതദേഹം മുതലപ്പൊഴി ഹാർബറിൽ എത്തിച്ചു.
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 6ന് അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രഡി (43), ജോയ് (46), ആൽബർട്ട് (55), ഔസേപ്പ് (36) എന്നിവരോടൊപ്പമാണ് ഷാജു മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്. മുതലപ്പൊഴി അഴിമുഖത്തിനു സമീപം വച്ച് ശക്തമായ തിരയിൽ അകപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേരെ സമീപ ബോട്ടിലുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ഷാജുവിനെ കണ്ടെത്താനായില്ല.