കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ കടൽക്ഷോഭത്തെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതായി അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അഞ്ചുതെങ്ങ് ബോർഡ് ബോയിസ് സ്ക്കൂളിൽ കഴിയുന്ന 41 പേർക്ക് ഒരുനേരത്തെ ഭക്ഷണത്തിന് 45 രൂപ അനുവദിച്ചിരിക്കെ 25 രൂപ പോലും വിലവരാത്തതും രുചിയില്ലാത്തതുമായ ഭക്ഷണമാണ് നൽകുന്നത്. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഭക്ഷണം ലഭിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ക്യാമ്പിലുളളവർ ഭക്ഷണം ബഹിഷ്കരിച്ചു. അവഗണന തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.