തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് ശുചീകരണം നടത്തിയെന്ന പേരിൽ തട്ടിപ്പ് നടത്തിയ നഗരസഭാ അധികൃതർക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പൊങ്കാലയ്ക്കുശേഷം മാലിന്യം റോഡുകളിൽ നിന്ന് നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾക്ക് വാടകയിനത്തിൽ 3,57 ലക്ഷം രൂപ ചെലവഴിച്ചതായി കഴിഞ്ഞ നഗരസഭായോഗത്തിൽ പാസാക്കിയ രേഖകളിലുണ്ട്.

തട്ടിപ്പിന് ഭരണപക്ഷ കൗൺസിലർമാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണവും തുടർന്നുള്ള നടപടികളും തൃപ്‌തികരമല്ലെങ്കിൽ ബി.ജെ.പി കോടതിയെ സമീപിക്കും. നഗരവീഥിയിലൊരിടത്തുപോലും പൊങ്കാല ഇല്ലാതിരുന്നിട്ടും ടിപ്പറുകളും ലോറികളും വാടകയ്ക്ക് എടുക്കാനുള്ള ടെൻഡർ നടപടിക്ക് മേയർ ഫെബ്രുവരി 22ന് കൗൺസിലിൽ ചർച്ചയില്ലാതെ മുൻകൂർ അനുമതി നൽകിയത് അഴിമതിയാണ്.

മുനിസിപ്പൽ ആക്ടിൽ അടിയന്തര സാഹചര്യത്തിലല്ലാതെ മേയർ മുൻകൂർ അനുമതി നൽകാൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിനെതിരെ ബി.ജെ.പി ശക്തമായി പ്രതികരിച്ചപ്പോഴാണ് മേയർ ഏകാധിപതിയെപ്പോലെ പ്രമേയങ്ങളെല്ലാം പാസായതായി പ്രഖ്യാപിച്ച് നഗരസഭായോഗം പിരിച്ചുവിട്ടശേഷം ഇറങ്ങിപ്പോയതെന്ന് ബി.ജെ.പി കൗൺസിൽ നേതാവ് പി. അശോക് കുമാർ പറഞ്ഞു.