ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. മൂങ്ങോട് കൂട്ടിക്കട റോസ് വില്ലയിൽ സജിൻ വിജയനാണ് (37) പിടിയിലായത്. ഇതോടെ ഈ കേസിൽ അഞ്ചുപേർ പിടിയിലായി. മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22), കവലയൂർ മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർദർ (23), ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്ത് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും ഈ കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സജിൻ വിജയനെതിരെ ചിറയിൻകീഴ് സ്റ്റേഷനിൽ അടിപിടിക്കേസും, വർക്കല എക്സൈസിൽ ഒരു കേസും ഉണ്ടെന്ന് ആറ്റിങ്ങൽ സി.ഐ രാജേഷ് കുമാർ പറഞ്ഞു. ഇയാൾ കോഴിക്കോട്ടേക്ക് കടക്കാൻ ഓട്ടോയിൽ ചിറയിൻകീഴ് റയിൽവേസ്റ്റേഷനിലേകക്ക് വരുന്ന വഴിയിൽ സംശയം തോന്നിയ ചിറയിൻകീഴ് പൊലീസ് വിശദമായ പരിശോധന നടത്തിയപ്പോൾ ഇയാളുടെ പക്കൽ നിന്ന് രണ്ട് എയർഗണ്ണും 57,000 രൂപയും കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോഴാണ് മദ്യകുപ്പി മോഷണത്തിൽ പ്രതിയാണെന്ന് തെളിഞ്ഞത്. സ്വത്ത് കൈക്കലാക്കാനായി 84 കാരനായ അച്ഛനെ വ്യാജമദ്യ കേസിൽ കുടുക്കാൻ ശ്രമിച്ച് വിവാദമായ കേസിലെ പ്രതിയാണ് സജിൻ വിജയൻ. ഈ കേസുമായി ബന്ധപ്പെട്ട് വർക്കല എക്സൈസ് സി.ഐ ആയിരുന്ന മഹേഷാണ് അന്ന് ഇയാളെ തന്ത്രപൂർവം കുടുക്കിയത്.