മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 6 ഗ്രാമ പഞ്ചായത്തുകളിലും മഴക്കാല പൂർവ്വ ശുചീകരണ പരിപാടി ജൂൺ 1 ന് നടക്കും. ബ്ലോക്ക് പ്രദേശത്തെ തിരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അറിയിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നെടിയവിള കോളനി, കീഴാറ്റിങ്ങൽ, വക്കം പഞ്ചായത്തിലെ കുന്നു വിള കോളനി, നിലയ്ക്കാമുക്ക് മാർക്കറ്റ്, ചിറയിൻകീഴ് പഞ്ചായത്തിലെ വലിയകട മാർക്കറ്റ്, താലൂക്ക് ആശുപത്രി , അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ചുതെങ്ങ് സി .എച്ച്.സി, കേട്ടുപുരകോളനി, കിഴുവിലം പഞ്ചായത്തിലെ വലിയഏല, കടുവാക്കരക്കുന്ന്, മുദാക്കൽ പഞ്ചായത്തിലെ വാറുവിളകോളനി എന്നിവിടങ്ങളിൽ 1ന് രാവിലെ 10ന് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങും. അവലോകന യോഗത്തിൽ അഡ്വ.എസ്. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ വി. ലൈജു, എസ്. ഷീല, താജുന്നിസ. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫിൻ മാർട്ടിൻ, പി. മണികണ്ഠൻ, ബി.ഡി.ഒ.എൽ. ലെനിൻ, ജി.ഇ.ഒ ഗോപകുമാർ,​ വി. ജൂലി, ബിജു, ആർ.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.