പ്രണയത്തിന്റെ സ്മാരകങ്ങളെ പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരിക താജ്‌മഹൽ ആയിരിക്കും. ലോകാത്ഭുതമായ താജ്മഹലിനോളം വലിപ്പമില്ലെങ്കിലും തന്റെ പ്രണയിനിയ്ക്കായി പിങ്ക് നിറത്തിലെ പൂക്കൾ നിറഞ്ഞ ഒരു ദ്വീപ് നിർമ്മിച്ച് ശ്രദ്ധനേടിയതാണ് സൂ എന്ന 30 കാരനായ ചൈനീസ് യുവാവ്. തന്നിൽ നിന്ന് അകന്ന് പോയ പ്രണയിനിയെ മടക്കിക്കൊണ്ടു വരുന്നതിനായാണ് സൂ അവർക്കായി ഈ തരിശ് ദ്വീപിനെ അതിമനോഹരമായ ഈ പൂന്തോട്ടമാക്കി മാറ്റിയത്. അതും പിങ്ക് നിറത്തിലെ പൂക്കളാണ് ഇവിടെ മുഴുവൻ.
ഇതിനായി തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം യുവാൻ സൂ വിനോയിഗിച്ചു. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു. പക്ഷേ, ഇതൊന്നും കണ്ടിട്ടും പോയ കാമുകി മടങ്ങി വന്നില്ല. എന്നാൽ, സൂ ഇപ്പോൾ നിരാശനല്ല. സൂവിന്റെ ഈ മനോഹരമായ ദ്വീപിലേക്ക് നൂറുകണക്കിന് പേരാണ് സഞ്ചാരികളായെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഇവിടം ഗുവാംഗ്ഡോഗ് പ്രവിശ്യയിലെ ഹെറ്റൗ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഒരു മാസം കൊണ്ടാണ് തന്റെ ഗ്രാമത്തിനിടുത്തുള്ള തരിശ് തുരുത്തിനെ സൂ മനോഹരമായ ദ്വീപാക്കി മാറ്റിയത്. പിങ്ക് നിറത്തിലെ ചെറിപ്പൂക്കളാൽ അലംകൃതമാണിവിടം. എന്നാൽ, അവ കൃത്രിമ പൂക്കളാണ്. പക്ഷേ, മായാജാല കഥകളിലൊക്കെ കാണുന്ന പോലെ വലിയ പാറക്കല്ലുകളും ഊഞ്ഞാലും പച്ചപ്പുമൊക്കെ സെറ്റ് ചെയ്ത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ഫെയറിടേൽ ഐലൻഡാക്കി മാറ്റുന്നതിൽ സൂ വിജയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് സൂ ഈ ദ്വീപിനെ തന്റെ പ്രണയത്തിന്റെ പ്രതീകമാറ്റി മാറ്റാനുള്ള ജോലികൾ ആരംഭിച്ചത്. പീച്ച്, ചെറി, ഡെയ്സി തുടങ്ങിയ കൃത്രിമ പൂക്കൾ സ്ഥാപിച്ചു. പാറകളും മറ്റും ഉപയോഗിച്ച് വഴികൾ നിർമ്മിച്ചു. പരമ്പരാഗത ശൈലിയിൽ ആർച്ച് രൂപത്തിലുള്ള നടപ്പാലങ്ങൾ തയാറാക്കി. സൂവിന് ഗ്രാമീണരുടെ പിന്തുണയുമുണ്ടായിരുന്നു. അവർ തന്നെയാണ് ദ്വീപിന് ലവ് ഐലൻഡ് എന്ന പേര് നൽകിയത്.
ജനുവരിയോടെ പൂർത്തിയായ തന്റെ പിങ്ക് ദ്വീപിന്റെ ചിത്രങ്ങൾ സൂ പ്രണയിനിയ്ക്ക് അയച്ചു കൊടുത്തിരുന്നു. സൂവിന്റെ അദ്ധ്വാനത്തിനും ആത്മാർത്ഥതയ്ക്കും നന്ദിയറിച്ച അവർ പക്ഷേ, സൂവിന്റെടുത്തേക്ക് ഇനി മടങ്ങി വരാൻ നിർവാഹമില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേ സമയം, സൂവിന്റെ പിങ്ക് ദ്വീപിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞിരുന്നു. നിരവധി പേർ തടാകക്കരയിലെ ഈ ദ്വീപ് കാണാനെത്തിത്തുടങ്ങി. താമസിക്കാതെ സൂവും ടൂറിസ്റ്റ് സ്പോട്ടായി മാറിയ പിങ്ക് ദ്വീപും ലോകശ്രദ്ധ നേടുകയായിരുന്നു. ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ പ്രധാന ലൊക്കേഷനുകളിലൊന്നായി മാറിയിരിക്കുകയാണ് സൂവിന്റെ ലവ് ഐലൻഡ്.