കല്ലമ്പലം: റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ അമിതവേഗതയിൽ വന്ന മറ്റൊരു കാറിടിച്ച് ഡ്രൈവർക്ക് പരിക്ക്. കടയ്ക്കാവൂർ സ്വദേശി സജീവിനാണ് (42) പരിക്കേറ്റത്. ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ നാലിനാണ് അപകടം. നാവായിക്കുളം ഭാഗത്ത് നിന്ന് കല്ലമ്പലത്തേക്ക് വരികയായിരുന്ന കാർ പാർക്ക് ചെയ്തിരുന്ന കാറിന് പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിറക് വശവും ഇടിച്ച കാറിന്റെ മുൻവശവും തകർന്നു. തലയും നെഞ്ചും സ്റ്റീയറിംഗിൽ ഇടിച്ചാണ് സജീവിന് പരിക്കേറ്റത്. സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവർ ഉറങ്ങിയതാകാം കാർ നിയന്ത്രണം തെറ്റാൻ കാരണമെന്ന് സംശയിക്കുന്നു. ഇടിയുടെ ശബ്ദംകേട്ട് എത്തിയ കേരളകൗമുദി ലേഖകൻ 108 ആംബുലൻസിന്റെ സേവനത്തിനായി ബന്ധപ്പെട്ടപ്പോൾ ആംബുലൻസ് ലഭ്യമല്ലെന്നാണ് ലഭിച്ച വിവരം. തുടർന്ന് കല്ലമ്പലം പൊലീസുമായി ബന്ധപ്പെടുകയും പൊലീസിന്റെ സഹായത്താൽ കെ.ടി.സി.ടി ആശുപത്രിയുടെ ആംബുലൻസിൽ പരിക്കേറ്റ സജീവിനെ കെ.ടി.സി.ടിയിലെത്തിച്ചു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.