തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ജില്ലയിലെ എല്ലാ വകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സ്വകാര്യ വസ്തുവിൽ ഭീഷണിയുർത്തി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ വസ്തു ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ നോട്ടീസ് നൽകണം. ഉടമ ശിഖരങ്ങൾ മുറിക്കാതിരുന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെലവായ തുക വസ്തു ഉടമയിൽ നിന്ന് ഈടാക്കുകയും വേണം. വൃക്ഷങ്ങൾ പൂർണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കിൽ അനുമതിക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം. നിർദ്ദേശം അനുസരിക്കാത്ത വകുപ്പുകൾക്കായിരിക്കും അവരവരുടെ പരിധിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത.