തിരുവനന്തപുരം: ഈ വർഷത്തെ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാക്കാൻ നഗരസഭ ഒരുക്കങ്ങൾ പൂർത്തിയാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേന പ്രവേശനോത്സവവും ക്ലാസുകളും സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂൾ പൂർണമായും അണുവിമുക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കേടുപാടുണ്ടായ സ്‌കൂൾ കെട്ടിടങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.

നഗരസഭയുടെ കീഴിലുള്ള മറ്റ് എല്ലാ സ്‌കൂളുകളും ആവശ്യപ്പെടുന്ന മുറയ്ക്ക് അണുവിമുക്തമാക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ശുചീകരണം ഉൾപ്പെടെയുള്ള ജോലികൾ വിലയിരുത്തി.