fg

വർക്കല: വർഷങ്ങളായി തകർന്നു കിടക്കുന്ന വർക്കല നഗരസഭ അഞ്ചാം വാർഡിലെ കല്ലാഴി - പിള്ളവീട് റോഡ് തകർന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. കല്ലാഴി സ്കൂളിൽ നിന്നും പുല്ലാനി-കരുനിലകോട് ഏലായിലേക്ക് പോകുന്ന പ്രധാന ഇടറോഡാണ് അവഗണന നേരിടുന്നത്.

റോഡിന്റെ ദുഃസ്ഥിതി കാരണം 2002ൽ കർഷകർ നഗരസഭ റോഡ് നിർമ്മിക്കുകയും ടാറിംഗ് നടത്തുകയും ചെയ്തിരുന്നു. ഏകദേശം നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ ടാറിംഗ് ചെയ്തതല്ലാതെ പിന്നീട് റോഡിന്റെ അറ്റകുറ്റപ്പണികൾ അധികൃതർ നടത്തിയിട്ടില്ല. പ്രദേശവാസികൾ നിരവധി തവണ ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിൽ മിക്ക സ്ഥാനാർത്ഥികളും റോഡ് നന്നാക്കാം എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാമെന്ന വാഗ്ദാനം നൽകി നാട്ടുകാരെ പറ്റിക്കുന്നതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് ഇതുവഴി സഞ്ചരിക്കാനാകാതെ വിഷമിക്കുകയാണ് നാട്ടുകാർ. അടിയന്തരമായി വർക്കല നഗരസഭ ഭരണ സമിതിയും വാർഡ് മെമ്പറും ഇടപെട്ട് റോഡ് റീടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

അറ്റക്കുറ്റപ്പണി നടത്താതെ അധികൃതർ

വാട്ടർ അതോറിട്ടിയും വെട്ടിപ്പൊളിച്ചു

തകർന്ന കിടക്കുന്ന റോഡിന്റെ പലഭാഗങ്ങളും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജല അതോറിട്ടി വെട്ടിപ്പൊളിച്ചു. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.

കൃഷിയും ഉപേക്ഷിച്ചു

നെൽകൃഷിക്ക് ആവശ്യമായ സാധനസാമഗ്രികൾ വാഹനത്തിൽ എത്തിക്കാൻ സാധിക്കാത്തത് മൂലം ഇവിടുത്തെ കർഷകർ നെൽകൃഷി ഉപേക്ഷിച്ചിട്ട് മൂന്ന് വർഷത്തോളമാകുന്നു.

തകർന്നു തരിപ്പണമായി കിടക്കുന്ന കല്ലാഴി - പിള്ളവീട് റോഡ് എത്രയും വേഗം റീ ടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കണം.

സുഷമ പ്രസാദ്, വർക്കല നഗരസഭ മുൻ കൗൺസിലർ