തിരുവനന്തപുരം: രാഷ്ട്രീയ നേതാവും ചിന്തകനും എഴുത്തുകാരനും മാതൃഭൂമി മുൻ മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്‌മരണച്ചടങ്ങുകൾ സംഘടിപ്പിച്ചു.
ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം ജെ.പി. ഭവനിൽ എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്‌മരണയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.എം. നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, എൽ.ജെ.ഡി പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ള, എസ്. ചന്ദ്രകുമാർ, ടി.എൻ. സുരേഷ്, സി.ആർ. അരുൺ, വലിയശാല നീലകണ്ഠൻ, എസ്.ചന്ദ്രൻ നായർ, ഭഗത് റൂഫസ്, അഡ്വ. സന്തോഷ് നായർ തുടങ്ങിയവർ സംസാരിച്ചു.
വീരേന്ദ്രകുമാറിന്റെ ഓർമ്മയ്ക്കായി ജെ.പി. ഭവന് മുന്നിൽ എൽ.ജെ.ഡി പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവിയും ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ളയും സംയുക്തമായി ചെടിയും നട്ടു. വിതുര പാർട്ടി ഓഫീസിന് മുന്നിൽ നടന്ന തൈ നടീൽ ചാരുപാറ രവി ഉദ്ഘാടനം ചെയ്‌തു.
സർക്കാർ ഓഫീസുകൾക്ക് മുന്നിലും ജീവനക്കാരുടെ വീടുകൾക്ക് മുന്നിലും ' വീരേന്ദ്രകുമാർ സ്‌മൃതിവൃക്ഷം' നടുന്ന പദ്ധതിയുടെ ഉദ്ഘാടനം കോർപ്പറേഷൻ വളപ്പിൽ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. എൻ.ജി.ഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബിന്ദുലാൽ ചിറമേൽ, ബാലുകിരിയത്ത്, ഹരികുമാർ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, റൂഫസ് ഡാനിയേൽ, ചാല സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.