കിളിമാനൂർ: കാരേറ്റ് ബിജു സ്റ്റോർ ഉടമ നടരാജന്റെ എൺപതാം ജന്മദിനത്തിന്റെ ഭാ​ഗമായി പുളിമാത്ത് പഞ്ചായത്തിലെ നിർദ്ധനരായ 500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി. അതോടൊപ്പം 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നൽകി. എൺപതാം ജന്മദിനം ആഘോഷിക്കാനായി നീക്കിവച്ച തുകയാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനായി ഉപയോഗിച്ചത്. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വ്യാപാരി വ്യാവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റ് പ്രസിഡന്റ് കുറ്റൂർ സന്തോഷ് അദ്ധ്യക്ഷനായി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓരോ വാർഡിലെയും തിരഞ്ഞെടുക്കപ്പെട്ട കുറച്ചാളുകൾക്കാണ് ഭക്ഷ്യകിറ്റുകൾ നൽകിയത്. വരുന്ന 3 ദിവസത്തിനുള്ളിൽ എല്ലാ അർഹരായ ​കുടുംബങ്ങൾക്കും കിറ്റുകൾ എത്തിക്കും. ചടങ്ങിൽ ഡി.വൈ.എഫ്.ഐ സന്നദ്ധ സേനാം​ഗങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി. ബ്ലോക്ക് പഞ്ചായത്തം​ഗം ഐഷാ റഷീദ്, സി.പി.എം കിളിമാനൂർ ഏരിയാ കമ്മറ്റിയം​ഗം വി. ബിനു, സി.പി.ഐ ലോക്കൽ സെക്രട്ടറി ജെ. സുരേഷ്, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി അമ്മ, വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണത്തിനായി ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാകമ്മറ്റി വാങ്ങിയ സ്പ്രെയറിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.