തിരുവനന്തപുരം: വർഗ്ഗീയ വിദ്ധ്വംസക ശക്തികളെ ചെറുത്തു തോൽപ്പിക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. നിയമ നിർമ്മാണ സഭകളിലെ പ്രമുഖ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം സാഹിത്യ-സാംസ്കാരിക പ്രവർത്തകനും ഉജ്ജ്വല വാഗ്മിയുമായിരുന്നുവെന്നും പിണറായി പറഞ്ഞു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാഷ്ട്രീയ നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച 'ഓർമ്മയിൽ എന്നും' വെബിനാറിലെ 'എം.പി.വീരേന്ദ്രകുമാർ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പതിറ്റാണ്ടുകളുടെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. യോജിച്ചും വിയോജിച്ചുമുള്ള ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ രണ്ടു പേർക്കും കഴിഞ്ഞു. ഒരേകാലത്ത് ഒരേ ജയിലിൽ ഒരേ കാരണത്താൽ ജയിൽ വാസമനുഭവിച്ചവരാണ് തങ്ങൾ. അടിയന്തരാവസ്ഥക്കാലത്തെ ജയിൽ ബന്ധം രാഷ്ട്രീയപരമായ വിയോജിപ്പുകളെ മറികടന്നുകൊണ്ട് വ്യക്തിബന്ധമായി തന്നെ നിലനിറുത്താൻ കഴിഞ്ഞിരുന്നു. ഒരേ ലക്ഷ്യം പങ്കിട്ട് ഒരേ മൂല്യം നിലനിറുത്തി കമ്മ്യൂണിസവും സോഷ്യലിസവുമെന്ന രണ്ട് ആശയങ്ങളുമായി കഴിഞ്ഞ കാലമായിരുന്നു തങ്ങളുടേതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അബ്ദുസമദ് സമദാനി എം.പി, സോഷ്യലിസ്റ്റ് പാർട്ടി നേതാവ് മഞ്ജു മോഹൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എം.എൽ.എ ഒ. രാജഗോപാൽ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുത്തു.
'എം.പി. വീരേന്ദ്രകുമാർ എന്ന ബഹുമുഖപ്രതിഭ' എന്ന സെഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ മൂല്യങ്ങൾ അന്വേഷിച്ചിറങ്ങിയ സഞ്ചാരിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.രാഷ്ട്രീയം, സാഹിത്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിരവധി മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ശശി തരൂർ എം.പി, ടി. പത്മനാഭൻ, ഗോപാലകൃഷ്ണ ഗാന്ധി, സുനിതാ നരേൻ,സി. ശ്രീനിവാസൻ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.