തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് എം.പിമാർ ജൂൺ രണ്ടിന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തും. ജൂൺ മൂന്നിന് രാവിലെ സംസ്ഥാനത്തെ എല്ലാ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും.
31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 31ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, വി.ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ലക്ഷദ്വീപ് സന്ദർശിച്ച് വിശദാംശങ്ങൾ വിലയിരുത്തും.