കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്നതിനിടെയിലും കാശ്മീർ താഴ്‌വരയിൽ സ്ട്രോബെറി പഴങ്ങൾ സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ്. പക്ഷേ, മുൻ വർഷത്തേക്കാൾ ഇരുപത് ശതമാനം വർദ്ധനവ് ഇത്തവണ വിളവെടുപ്പിലുണ്ടായെങ്കിലും കാശ്മീരിലെ സ്ട്രോബറി കർഷകർ ദുരിതത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ വിളവെടുത്ത സ്ട്രോബെറി പഴങ്ങൾ വില്ക്കാനാകാതെ ബുദ്ധിമുട്ടുകയാണിവർ.
തങ്ങളുടെ കൃഷിയെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. 2,000 മുതൽ 2,500 മെട്രിക് ടണ്ണോളം സ്ട്രോബെറിയാണ് കാശ്മീരിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. കാശ്മീരിലെ തണുത്ത കാലാവസ്ഥ സ്ട്രോബെറി കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്. ലോക്ക്‌ഡൗൺ കാരണം ഈ വർഷം 50 മുതൽ 60 ശതമാനം വരെ നഷ്ടമാണ് തങ്ങൾ നേരിടേണ്ടി വരികയെന്ന് ശ്രീനഗർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള കർഷകർ പറയുന്നു. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും തിരിച്ചടിയായി. വഴിയോര കച്ചവടവും കർഫ്യൂ പശ്ചാത്തലത്തിൽ അനുവദനീയമല്ല.
സ്ട്രോബെറി പഴങ്ങൾ നശിക്കാതിരിക്കാൻ ശീതീകരണ സംവിധാനമെങ്കിലും സർക്കാർ ഏർപ്പെടുത്തി തരണമെന്നാണ് ഏതാനും കർഷകരുടെ ആവശ്യം. കഴിഞ്ഞ വർഷം പ്രാദേശികതലത്തിൽ ആളുകൾക്ക് വില്പന നടത്തി പിടിച്ചുനിന്നെങ്കിലും ഈ വർഷം മിക്കവരും സ്ട്രോബെറികൾ വാങ്ങാൻ തയ്യാറാകുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളേക്കാൾ മികച്ച സ്ട്രോബെറി ഉത്പാദനം ഇത്തവണ കാശ്മീരിലുണ്ടായെങ്കിലും വില്ക്കാൻ മാർക്കറ്റുകളില്ലെന്ന വിഷമമാണ് കർഷകർക്ക്.