kdvr

അഞ്ചുതെങ്ങ്: ബിന്ദുവിന്റെയും 8 വയസുള്ള മകൾ ദേവയാനിയുടെയും മരണം അറിഞ്ഞതിന്റെ ഞെട്ടൽ ഇതുവരെ നാട്ടുകാരിൽ നിന്ന് മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ വാണിയൻ വിളാകത്ത് ബിന്ദു (35 )വിനെയും മകൾ ദേവയാനിയെയും (8) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷമുണ്ടായ കടുത്ത മാനസിക സംഘർഷമാണ് ബിന്ദുവിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. മലപ്പുറം തിരുനാവായി പഞ്ചായത്തിൽ ക്ലാർക്കായിരുന്ന ബിന്ദു ആറ് മാസത്തിന് മുൻപാണ് ഡെപ്യൂട്ടേഷനിൽ വഞ്ചിയൂർ കേരള സ്റ്റേറ്റ് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വെൽഫയർ ഫണ്ട് ബോർഡിലെത്തുന്നത്.

കുടുംബവീടിനടുത്തായി വാങ്ങിയ വീട്ടിലായിരുന്നു ബിന്ദുവും ഭർത്താവും മകളും താമസിച്ചിരുന്നത്. മാർച്ച് 31ന് കിണറ്റിൽ നിന്ന് വെള്ളം കോരി എടുക്കവേ തലചുറ്റി കിണറ്റിൽ വീണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ മരിച്ചിരുന്നു. അതിന് ശേഷം ബിന്ദു ലീവിലായിരുന്നു. ലോക്ക് ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുൻപ് രണ്ടു ദിവസം ഓഫീസിൽ പോയ ബിന്ദു പിന്നെ ഓഫീസിൽ പോയിട്ടില്ല. പ്രവീൺ മരിച്ചതിനുശേഷം അമ്മ ചന്ദ്രികയോടൊപ്പമായിരുന്നു താമസം. ഭർത്താവിന്റെ മരണശേഷം ആരോടും മിണ്ടാതായ ബിന്ദു ഇടയ്ക്ക് കൗൺസിലിംഗിനും വിധേയയായിരുന്നു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമാർട്ടത്തിനും ശേഷം ഇരുവരുടെയും മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കുടുംബ വീട്ടിൽ സംസ്കരിച്ചു.