
 കടലിലേക്കുള്ള ചാനലിലെ മണ്ണ് നീക്കം ചെയ്യുമെന്ന് മന്ത്രിമാരുടെ ഉറപ്പ്
കോവളം: കഴിഞ്ഞ ദിവസം വിഴിഞ്ഞത് അപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സന്ദർശിച്ചു. മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. അടിയന്തര ധനസഹായമായി 10,000 രൂപ മന്ത്രിമാർ ഓരോ കുടുംബത്തിനും കൈമാറി. അപകടത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തു കടലിലേക്കുള്ള ചാനലിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് തന്നെ ചെയ്യുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.
അടിഞ്ഞുകൂടിയ മണ്ണ് എങ്ങനെ പൂർണമായും നീക്കം ചെയ്യുമെന്ന കാര്യത്തിൽ പഠനം നടത്തും. ഇതിന് പുറമെ മത്സ്യത്തൊഴിലാളികൾക്ക് ജീവൻരക്ഷാ സംവിധാനങ്ങൾ കൈമാറുമെന്നും അത് തൊഴിലാളികൾ ഉപയോഗിക്കണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അപകടത്തിൽ മരിച്ച ശബരിയാറിന്റെ വീട്ടിലാണ് മന്ത്രിമാർ ആദ്യം എത്തിയത്. ഇവിടെ നിന്ന് പിന്നീട് മരിച്ച മറ്റുള്ളവരുടെ വീടുകളിലും ഇരുവരും സന്ദർശനം നടത്തി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി സജി ചെറിയാൻ സന്ദർശനത്തിനിടെ പറഞ്ഞു.
ചൊവ്വാഴ്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തിൽ പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വദേശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സൺ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്.