tanker

കാട്ടാക്കട: നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കർ വെള്ളം ശേഖരിക്കുന്നത് തോട്ടിൽ നിന്ന്. അന്തിയൂർക്കോണം തോട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ടാങ്കറിൽ വെള്ളം നിറയ്ക്കവേയാണ് നാട്ടുകാ‌ർ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറിയത്. ടാങ്കർ ലോറിയിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വാഹനം ശുചീകരിക്കാൻ എത്തിയതെന്നാണ് ഇവർ പറഞ്ഞതെങ്കിലും വെള്ളം ടാങ്കറിലേക്ക് പമ്പ് ചെയ്യുകയായിരുന്നു. കുടിവെള്ള ടാങ്കറിൽ തോട്ടിൽ നിന്ന് വെള്ളം നിറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജാവേദ്, സബീർ എന്നിവർ കാര്യം തിരക്കിയശേഷം കാട്ടാക്കട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാഹനത്തെയും ജീവനക്കാരെയും കസ്റ്റഡിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മാലിന്യങ്ങൾ ഒഴുകിയെത്തി ഈ തോടിന് സമീപം അടിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നാണ് ടാങ്കറിലേക്ക് ജലം നിറച്ചത്. പാസ് എടുത്ത് വിളവൂർക്കൽ, അരുവിക്കര എന്നിവിടങ്ങളിൽ നിന്ന് ശുദ്ധീകരിച്ച കുടിവെള്ളം നിറയ്ക്കാൻ സൗകര്യം ഉണ്ടെന്നിരിക്കെ തോട്ടിൽ നിന്ന് മലിനജലം ശേഖരിക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയും തട്ടിപ്പുമാണെന്ന് നാട്ടുകാ‌ർ ആരോപിച്ചു.

നഗരത്തിലേക്കും ആശുപത്രികളിലേക്കും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും സർക്കാർ അനുമതിയോടെയാണ് കുടിവെള്ളം ശേഖരിച്ച് എത്തിക്കേണ്ടത്. എന്നാൽ ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് തട്ടിപ്പുമായി പ്രത്യേകസംഘങ്ങൾ ഇതിന് പിന്നിലുണ്ടെന്നാണ്. പാസെടുത്ത് വരിയിൽ കാത്തുനിന്നാൽ തുച്ഛമായ ട്രിപ്പുകൾ മാത്രമാകും ഒരു ദിവസം ലഭിക്കുക. എന്നാൽ പാസ് എടുത്ത് ഒന്നോ രണ്ടോ ട്രിപ്പ് പോയ ശേഷം തോടുകളിൽ നിന്ന് ജലം ശേഖരിച്ച് വിതരണം ചെയ്യുകയാണ് ഇത്തരം സംഘങ്ങൾ. തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം വേണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.