മുടപുരം: യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ മുടപുരം കോളിച്ചിറ നിവാസികൾ. ഇന്നലെ രാവിലെയോടെ മുടപുരം ചേമ്പുംമൂല നെല്പാടങ്ങൾക്ക് നടുവിലുള്ള മുക്കോണി തോടിന്റെ നടവരമ്പിലാണ് തലയിലും കാലിലും ദേഹത്തും വെട്ടേറ്റ് കമഴ്ന്ന് കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം നാട്ടുകാർ കാണുന്നത്. ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പൊലീസ് എത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.
ചിറയിൻകീഴ് അരയതുരുത്തി സ്വദേശി അജിത്തിന്റെ കൊലപാതകത്തിന് പിന്നാൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ നിഗമനം. അജിത്തിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് ഗുണ്ടാസംഘങ്ങൾ തമ്മിൽ കോളിച്ചിറ ഭാഗത്തുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണോ അതോ കൊലപ്പെടുത്തിയശേഷം ഇവിടെ ഉപേക്ഷിച്ചതാണോ എന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മേഖലയിലെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രദേശത്ത് ഗുണ്ടാസംഘത്തിലുള്ളവരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കൂടുതലാണെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ പൊലീസ് ശക്തമായ പട്രോളിംഗ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.