eye

അന്ധത ബാധിച്ചയാളിൽ ജീൻ തെറാപ്പിയിലൂടെ ഭാഗികമായി കാഴ്ച പുനഃസ്ഥാപിച്ച് ഗവേഷകർ. നേച്ചർ മെഡിസിൻ മാഗസിനിലൂടെയാണ് ഇതിന്റെ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേത്ര ഞരമ്പുകളിലെ കോശങ്ങളിലെ പ്രോട്ടീനുകളിൽ നടത്തിയ ജീൻ തെറാപ്പിയിലൂടെയാണ് കാഴ്ച നഷ്ടപ്പെട്ട ഒരാൾക്ക് ഭാഗികമായി കാഴ്ച പുനഃസ്ഥാപിച്ചത്. ഇതോടെ അന്ധതയ്ക്ക് ജീൻ തെറാപ്പിയിലൂടെ പരിഹാരം കണ്ടെത്തുന്നതിന് ദീർഘകാലമായി നടത്തിവന്ന പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. ചികിത്സയിലൂടെ രോഗിയ്ക്ക് ഇപ്പോൾ പ്രകാശവും രൂപങ്ങളും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

ഒപ്റ്റോജെനറ്റിക് തെറാപ്പിയെന്ന സാങ്കേതികവിദ്യയാണ് കാഴ്ച വീണ്ടെടുക്കാൻ സഹായകമായിരിക്കുന്നത്. 40 വർഷം മുമ്പ് തന്റെ 18ാമത്തെ വയസിലാണ് ഈ രോഗിയെ അന്ധത ബാധിച്ചത്. റെറ്റിനിറ്റിസ് പിഗ്‌മെന്റോസ എന്ന ജനിതക അവസ്ഥ ബാധിച്ച ഇദ്ദേഹം ഫ്രാൻസ് സ്വദേശിയാണ്. റെറ്റിനിറ്റിസ് പിഗ്‌മെന്റോസ ബാധിച്ചവരുടെ കണ്ണിലെ റെറ്റിനയിലുള്ള ഫോട്ടോറിസെപ്റ്റർ കോശങ്ങൾ നശിക്കുകയും ഇത് കാഴ്ച ശക്തി കുറയാനും ക്രമേണ അന്ധതയ്ക്കും കാരണമാകുന്നു. റെറ്റിനയുടെ പ്രവർത്തനത്തിനാവശ്യമായ റോഡോപ്സിൻ എന്ന പ്രോട്ടീൻ ഉത്പാദനത്തെ റെറ്റിനിറ്റിസ് പിഗ്‌മെന്റോസയ്ക്ക് കാരണമായ ജീനുകൾ തടസപ്പെടുത്തുന്നു.

എന്നാൽ, മനുഷ്യന്റെ റെറ്റിനയിൽ ഇത്തരത്തിൽ തകരാറിലാകുന്ന പ്രോട്ടീനുകൾക്ക് പകരം ഏകകോശ ഗ്രീൻ ആൽഗയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സമാന ലൈറ്റ് - സെൻസിറ്റീവ് റിസെപ്റ്റർ പ്രോട്ടീനുകൾ ഉപയോഗിച്ച് റോഡോപ്സിൻ നഷ്ടത്തെ നികത്താനാണ് ഒപ്ടോജെനറ്റിക് തെറാപ്പിയുടെ ലക്ഷ്യം. ചാനൽ റോഡൊപ്സിൻസ് കുടുംബത്തിൽപ്പെട്ട ഈ ആൽഗ പ്രോട്ടീനെ നേരിട്ട് റെറ്റിനയിലേക്ക് ഉപയോഗിക്കില്ല.

പകരം റോഡോപ്സിൻ ഉത്പാദനത്തിനായി ആൽഗയുടെ ഡി.എൻ.എയിൽ നിന്ന് ശേഖരിക്കുന്ന ജനിത ഘടകങ്ങൾ മനുഷ്യന്റെ കണ്ണിലേക്ക് മാറ്റുകയും കാഴ്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കോശങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇപ്പോൾ കാഴ്ച ലഭിച്ചിരിക്കുന്ന വ്യക്തിയ്ക്ക് പ്രത്യേക കണ്ണടകൾ നൽകിയിട്ടുണ്ട്. പൂർണമായും കാഴ്ച ലഭിച്ചിട്ടില്ലെങ്കിലും കൂടുതൽ പുരോഗതിയ്ക്കായുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ.