തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റു പോസ്റ്റിൽ വീണ പരിക്കിനെത്തുടർന്ന് 11 വർഷമായി കിടപ്പിലായിരുന്ന കെ.എസ്.ഇ.ബി.ജീവനക്കാരൻ ചേർത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ തോപ്പുവെളി വീട്ടിൽ കൊച്ചുകുട്ടൻ(52) ഇന്നലെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.
കിടപ്പിലായിരിക്കേ രക്താർബുദവും പിടിപെട്ട് പ്രതിസന്ധിയിലായ കുടുംബത്തിന് സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടേയും സഹായമെത്തിയിരുന്നു. കണ്ണീർ കാഴ്ചകൾ അപേക്ഷയായി വൈദ്യുതിബോർഡിന് മുമ്പാകെ എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും അനുഭാവപൂർവ്വം പരിഗണിച്ചു.തുച്ഛമായ ഇൻ വാലിഡ് പെൻഷൻ റദ്ദ് ചെയ്ത് 2016ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ സെക്ഷൻ 20 ( 1995 ലെ ആക്ട് സെക്ഷൻ 47 ) പ്രകാരം സർവ്വീസിൽ തിരിച്ചെടുത്ത് പൂർണ്ണ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. ഭിന്നശേഷി കമ്മീഷന്റെ ഇടപെടലും കാര്യങ്ങൾ വേഗതയിലാക്കി. ഈ മാസം 4ന് ബോർഡ് ഓർഡറും ഇറങ്ങി. ഇക്കാര്യം "കേരളകൗമുദി " വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷെ ഒന്നിനും കാത്തു നിൽക്കാതെ കൊച്ചുകുട്ടൻ യാത്രയായി.
എസ്സ് എൽ പുരം സെക്ഷനിൽ ലൈൻമാൻ തസ്തികയിൽ ജോലിയിലിരിക്കെ 2010 ഡിസംബർ 15 നായിരുന്നു അപകടം.