തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെങ്കിലും ഭാഷയിൽ മാന്യത വേണമെന്ന് സുരേഷ് ഗോപി എം.പി. ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെതിരെയുള്ള സൈബർ ആക്രമണത്തിന്റെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അഭിപ്രായം പ്രകടിപ്പിക്കാനും ഖണ്ഡിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിൽ സത്യവും അസത്യവും ഉണ്ടാകാം. പ്രചാരണവും കുപ്രചാരണവും ഉണ്ടാവാം. എന്നാൽ, പ്രതികരണം മാന്യമായ ഭാഷയിലായിരിക്കണം. വ്യക്തിപരമായ ബന്ധങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർ എല്ലാവർക്കുമുണ്ട്. വാക്കുകളുടെ ദൗർലഭ്യം ഉണ്ടെന്ന് പറയാൻ മലയാളം അത്ര പദസമ്പത്തില്ലാത്ത ഭാഷയല്ല. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ലെന്നും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണെന്നും
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിന് പരോക്ഷ പിന്തുണയാണ് ഈ പോസ്‌റ്റെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചത് പൃഥിരാജിനുള്ള പിന്തുണയാണോയെന്ന് വ്യക്തമാക്കിയിട്ടില്ല.